ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ

ദൈവം, പ്രവാചകന്‍, പരലോകം ഇവയാണ് ഇസ്ലാമിക ദര്‍ശനത്തിന്റെ മൂലശിലകള്‍. ഇവയെ അടിസ്ഥാനമാക്കി ബൃഹത്തായ ഒരു ജീവിത പദ്ധതി ഇസ്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിക്കുന്നു എന്നതാണ് ഇസ്ലാമിക ജീവിത വ്യവസ്ഥിതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു പക്ഷേ, ലോകത്ത് ഇസ്ലാമിനു മാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയായിരിക്കും ഇതെന്ന് തോന്നുന്നു. മറ്റു ദര്‍ശനങ്ങള്‍ ഒന്നുകില്‍ ആത്മീയതയിലേക്ക് അല്ലെങ്കില്‍ ഭൌതികതയിലേക്ക് ചാഞ്ഞു കിടക്കുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ അവയ്ക്ക് കഴിയില്ല. കാരണം മനുഷ്യന്‍ ഒരു ആത്മീയ ജീവിയല്ല; ഭൌതിക ജീവിയുമല്ല. അവന് ആത്മാവും ശരീരവുമുണ്ട്. സമഗ്രവും സമ്പൂര്‍ണവുമാണ് ഇസ്ലാമിക ജീവിത വ്യവസ്ഥ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്പര്‍ശിക്കുന്നു. വ്യക്തി, സമൂഹം, ആത്മീയം, ഭൌതികം, സാമ്പത്തികം, രാഷ്ട്രീയം – എല്ലാം. ദൈവത്തിന്റെ പരമാധികാരമാണ് എല്ലാ മേഖലയിലും ഇസ്ലാം ഉദ്ഘോഷിക്കുന്നത്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് ഭരണാധികാരി വെറും സേവകനാണ്. സാധാരണ പ്രജകള്‍ക്കില്ലാത്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ അയാള്‍ക്കുണ്ടാവില്ല.ഏകാധിപത്യമോ സര്‍വാധിപത്യമോ നിരുപാധിക ജനാധിപത്യമോ ഇസ്ലാം അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ച് ദൈവകല്പന കള്‍ അനുസരിച്ച് ഭരിക്കുന്നതിനുള്ള ജനപ്രാതിനിധ്യ വ്യവസ്ഥയാണ് ഇസ്ലാമിന്റെ രാഷ്ട്ര സങ്കല്പത്തിലുള്ളത്. ഇത് തിയോക്രസിയില്‍ നിന്നും ഡെമോക്രസിയില്‍ നിന്നും ഭിന്നമാണ്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ സ്വത്തുടമ വ്യക്തിയോ സമൂഹമോ രാഷ്ട്രമോ അല്ല; ദൈവമാണ്. സൂക്ഷിപ്പുകാരന്റെ ചുമതലയാണ് മനുഷ്യനു നി ര്‍വഹിക്കാനുള്ളത്. മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും ഭിന്നമാണ് ഈ വീക്ഷണം. വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്യ്രം ഇസ്ലാം തടഞ്ഞിട്ടില്ല. എന്നാല്‍ അത് സമൂഹത്തിന്റെ വിശാല താല്പര്യത്തിനു എതിരാവരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. സ്വത്തില്‍ ദരിദ്രര്‍ക്ക് പ്രത്യേക അവകാശവും നിശ്ചയിച്ചിട്ടുണ്ട്. ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടച്ചിട്ടുണ്ട്. സമ്പത്തിന്റെ പ്രയോജനം അവകാശത്തിലൂടെയും അനുകമ്പയിലൂടെയും എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഇസ്ലാമിക സമ്പദ്വ്യവസ്ഥയ്ക്കു സാധിച്ചിട്ടുണ്ട്. ഇസ്ലാമിനെ ഏറ്റവും ജനപ്രിയമാക്കിയത് അതിന്റെ സാമൂഹികവ്യവസ്ഥയാണ്. മനുഷ്യസമത്വം പൂര്‍ണമായ അളവില്‍ ഉറപ്പുവരുത്തുന്ന മറ്റൊരു വ്യവസ്ഥ ലോകത്തില്ല. സമ്പൂര്‍ണസമത്വം ഇസ്ലാം വിളംബരം ചെയ്തു; നടപ്പിലാക്കുകയും ചെയ്തു. ജന്മംകൊണ്ടും വര്‍ണംകൊണ്ടും ഉച്ചനീചത്വം കല്പിച്ചു പോരുന്ന ലോകത്ത് ഇസ്ലാമികസമൂഹം ഒരു വിസ്മയമാണ്. സമ്പത്ത്, വിദ്യാഭ്യാസം, അധികാരം ഒന്നും ഉച്ചനീചത്വത്തിന് പരിഹാരമായില്ല. നിയമവും അതിന്റെ മുമ്പില്‍ തോറ്റു. എല്ലാവരും തോറ്റിടത്ത് ഒറ്റ പ്രഖ്യാപനംകൊണ്ട് ഇസ്ലാം സമത്വം സാധിച്ചു. “മനുഷ്യരേ, ഒരേ മാതാപിതാക്കളുടെ മക്കളാണ് നിങ്ങള്‍.” ഇപ്പോള്‍ രാജാവിനും അടിമക്കും തോളോട്തോള്‍ ചേര്‍ന്ന് നില്ക്കാമെന്നായി. രാജാവും അടിമയുംതന്നെ ഇല്ലാതായി. രണ്ടുപേരും തുല്യാവകാശങ്ങളുള്ള മനുഷ്യരായി. ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മറ്റു മൂല്യങ്ങള്‍ക്ക് ശോഭ നഷ്ടപ്പെട്ടപ്പോഴും സമത്വം ഇസ്ലാമിക സമൂഹത്തില്‍ ജ്വലിച്ചുനിന്നു. ഇന്നും മറ്റു സമുദായങ്ങളുടെ അസൂയക്ക് പാത്രമായി ഒരു അദ്ഭുതംപോലെ അത് അമരം കൊള്ളുന്നു. വര്‍ണം, ദേശം, ഭാഷ, ജാതി-എല്ലാ മതിലുകളും അത് ഇടിച്ചുനിരത്തുന്നു. മരിച്ചവരെപ്പോലും ഇസ്ലാം വെറുതെ വിടുന്നില്ല. കല്ലറയുടെ ഉയരം നിജപ്പെടുത്തിക്കളഞ്ഞു അത്! സമത്വം മാത്രമല്ല ഇസ്ലാം ലഭ്യമാക്കിയത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അത് ഉറപ്പുവരുത്തി. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, രോഗികള്‍, ദരിദ്രര്‍, അനാഥകള്‍, അഭയാര്‍ഥികള്‍- ഇവരുടെമേല്‍ ഇസ്ലാം കാരുണ്യം ചൊരിയുന്നു. കണിശമാണ് ഇസ്ലാമിന്റെ നീതിന്യായ വ്യവസ്ഥ. നിയമലംഘനത്തിനും കുറ്റകൃത്യത്തിനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇസ്ലാമിക നിയമങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം. ശിക്ഷിക്കുവാനല്ല; ശിക്ഷ ഒഴിവാക്കാനാണ് ഇസ്ലാമിന് താല്‍പര്യം. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും, തെറ്റ് ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ടായിട്ടും മനഃപൂര്‍വം അത് ചെയ്യുന്നവരെ ഇസ്ലാമിക നീതിപീഠം ശിക്ഷിക്കുകതന്നെചെയ്യും. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ഈ ശിക്ഷ മാതൃകാപരമായിരിക്കുകയും ചെയ്യും. കുറ്റം ചെയ്തവനെ ശിക്ഷിക്കുക, നീതി നിഷേധിക്കപ്പെട്ടവന് അത് ലഭ്യ മാക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും ഇസ്ലാം ഇളവ് അനുവദിക്കുന്നില്ല. കാരണം അത് സമൂഹത്തിന് ദോഷം ചെയ്യും. മുഖംനോക്കാതെ നീതി നടപ്പാക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച്, വിശിഷ്യാ അതിലെ നിയമങ്ങളെക്കുറിച്ച്, അധിക പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഇസ്ലാമിക വ്യവസ്ഥിതിയുടെ വികാസക്ഷമതയും നവീകരണസിദ്ധിയുമാണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക നിയമങ്ങള്‍ പുതിയ ലോകവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. ഇസ്ലാമിക നിയമവ്യവസ്ഥയുടെ നവീകരണ ശേഷി അറിയാതെപോയതാണ് ഈ തെറ്റിദ്ധാരണയുടെ ഹേതു. ഇസ്ലാമിക വ്യവസ്ഥിതിയുടെ മൌലിക തത്ത്വങ്ങള്‍ മാത്രമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. ഈ മൌലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ട് വ്യവസ്ഥയെ കാലോചിതമായി വികസിപ്പിക്കേണ്ട ചുമതല മനുഷ്യന്റെ ഗവേഷണബുദ്ധിക്കാണ്. മനുഷ്യനു ലഭിച്ച മഹത്തായ അംഗീകാരം കൂടിയാണിത്.

കാരുണ്യം ഇസ്ലാമിന്റെ കാലാവസ്ഥ
കാരുണ്യമാണ് ഇസ്ലാമിന്റെ കാലാവസ്ഥ. മഞ്ഞുപോലെ, ചിലപ്പോള്‍ ശക്തിയായ മഴപോലെ അത് പെയ്തിറങ്ങുന്നു. വിശക്കുന്നവന് അപ്പമായും മര്‍ദിതന് മോചനമായും അനാഥയ്ക്ക് രക്ഷിതാവായും രോഗിക്ക് സാന്ത്വനമായും അത് പ്രത്യക്ഷപ്പെടുന്നു. ദാഹിച്ചുവലയുന്ന നായയുടെ വായിലും വാടിക്കരിയുന്ന പൂച്ചെടിയുടെ വേരിലും അത് കുടിനീരെത്തിക്കുന്നു. കഠിനഹൃദയങ്ങളില്‍ പോലും കനവ് പകര്‍ന്ന് ജീവിതം സ്നേഹാര്‍ദ്രമാക്കുന്നു ഇസ്ലാമിന്റെ കൃപാകാരുണ്യം. ദയാപരനും കരുണാമയനുമെന്നാണ് ദൈവം സ്വയം വിശേഷിപ്പിച്ചത്. വിശുദ്ധഖുര്‍ആനിലെ നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍ നൂറ്റിപ്പതിമൂന്നും ആരംഭിക്കുന്നത് ദൈവത്തിന്റെ ഈ സവിശേഷത എടുത്തു പറഞ്ഞുകൊണ്ടാണ്. സ്വന്തം സിംഹാസനത്തില്‍ ഉല്ലേഖനം ചെയ്യാന്‍ ദൈവം തെരഞ്ഞെടുത്ത വാക്യമിതാണ്- ‘എന്റെ കാരുണ്യം എന്റെ ക്രോധത്തെ അതിശയിക്കുന്നു.’ തന്റെ കാരുണ്യത്തെച്ചൊല്ലി ഒരിക്കലും നിരാശരാവരുതെന്നാണ് അവന്‍ മനുഷ്യനെ അറിയിച്ചിരിക്കുന്നത്. ദൈവം പ്രവാചകനോട് പറഞ്ഞത് ഇങ്ങനെ: ‘എന്റെ അടിമ ഒരു ചാണ്‍ എന്നോട് അടുത്താല്‍ ഒരു മാറ് ഞാന്‍ അവനോടടുക്കും. അവന്‍ എന്റടുത്തേക്ക് നടന്നു വരുമ്പോള്‍ അവന്റടുത്തേക്ക് ഞാന്‍ ഓടിച്ചെല്ലും.’ രാത്രി മുഴുവന്‍ ദൈവം കാത്തിരിക്കുകയാണത്രെ, രാത്രി പാപം ചെയ്തവര്‍ക്ക് പൊറുത്തുകൊടുക്കാന്‍. പ്രവാചക നിയോഗത്തിന്റെ രഹസ്യവും കാരുണ്യമത്രെ. സ്നേഹം, ദയ, കാരുണ്യം – ഇവയാണ് ഒരു പ്രവാചകന്റെ ചേരുവകള്‍. ജനങ്ങളുടെ വര്‍ത്തമാനത്തിലും ഭാവിയിലും വേപഥു പൂണ്ട് അവരെ സന്മാര്‍ഗത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കാന്‍ കഠിന പ്രയത്നം ചെയ്യുന്നു ദൈവദൂതന്‍. ‘എന്റെ ജനങ്ങളേ,’ എന്ന സ്നേഹമസൃണമായ വിളി പ്രവാചകന്റെ ഹൃദയത്തില്‍ നിന്നാണ് വരുന്നത്. പകല്‍ ജനങ്ങള്‍ക്കുവേണ്ടി അധ്വാനിക്കുകയും രാത്രി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയുംചെയ്യുന്ന മഹാമനസ്കനാണ് പ്രവാചകന്‍. മരുഭൂമിയിലെ നീരും തണലുമായി, കാരുണ്യത്തിന്റെ പ്രകാശഗോപുരമായി മാനവചരിത്രത്തെ യശോധന്യമാക്കി മുഹമ്മദ്നബി. ‘ഭൂമി യിലുള്ളവരോട് കരുണയുള്ളവരാകൂ, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണയുള്ളവനാകു’ മെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഒരാള്‍ തന്റെ സുഹൃത്തിനുവേണ്ടി സേവനത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ദൈവം അവന്റെ സേവനത്തിലേര്‍പ്പെട്ടിരിക്കുകയാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ദരിദ്രന്റെ വിശപ്പ് ദൈവത്തിന്റെ വിശപ്പാണെന്നും എന്നാല്‍ ഊട്ടേണ്ടത് ദൈവത്തെയല്ല വിശക്കുന്ന മനുഷ്യനെയാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. ‘എന്താണ് നിങ്ങളുടെ ധനം?’ എന്ന പ്രവാചകന്റെ ചോദ്യം കേട്ട്, തോട്ടങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും ദൃഷ്ടി പായിച്ച അനുചരന്മാരോട് അതൊ ന്നും നിങ്ങളുടേതല്ലെന്നും എന്താണോ നിങ്ങള്‍ ഇതുവരെ ദാനം ചെയ്തത് അതാണ് നിങ്ങളുടെ ധനമെന്നും പ്രവാചകന്‍ പ്രതിവചിക്കുമ്പോള്‍ ജീവിതം മനോഹരമായ ഒരു കവിതയായിത്തീരുന്നു. ‘ആടിനെ അറുത്തിട്ടു എന്ത് ചെയ്തു’ എന്നു ചോദിച്ചപ്പോള്‍ ‘എല്ലാം അയല്‍വാസികള്‍ക്ക് കൊടുത്തു. തോളെല്ല് മാത്രമേ ഇനി ബാക്കിയുള്ളൂ’ എന്ന് മറുപടി നല്‍കിയ സ്വന്തം വീട്ടുകാരോട്, ‘തോളെല്ല് ഒഴിച്ചുള്ളതെല്ലാം ബാക്കിയുണ്ടെ’ന്ന് പ്രവാചകന്‍ പറയുമ്പോള്‍ ഈ കവിത ജീ വിതാനുഭവമായിത്തീരുന്നു. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഇസ്ലാമിന്റെ കാരുണ്യം വൃദ്ധ ജനങ്ങള്‍ക്ക് സാന്ത്വനവുമായെത്തുന്നു. വിശുദ്ധ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനെക്കാള്‍ മഹത്തരമാണ് വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കലെന്നും അവരോട് നീരസംപോലും പ്രകടിപ്പിക്കരുതെന്നും കാരുണ്യത്തിന്റെ ചിറകുകള്‍ അവ ര്‍ക്ക് വിടര്‍ത്തിക്കൊടുക്കണമെന്നും ഇസ്ലാം അനുശാസിക്കുന്നു. വിധവകള്‍ക്കും അനാഥകള്‍ക്കും അഭയാര്‍ഥികള്‍ക്കും ഇസ്ലാമിന്റെ കാരുണ്യം അവകാശപ്പെട്ട അഭയമായിത്തീരുന്നു. അബലകളുടെ ബലവും ശബ്ദമില്ലാത്തവരുടെ ശബ്ദവുമായി ഭൂമിയെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കിത്തീര്‍ക്കു ന്നു ഇസ്ലാം.

കടപ്പാട്:http://kanaser.blogspot.com/

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

2 Responses to ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ

  1. Pingback: നവ പഠിതാക്കള്‍ക്കും അമുസ്ലിംകള്‍ക്കും « ISLAM

  2. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍……
    തീര്‍ച്ചയായും ഇത് മാനവ ലോകത്തിനു ഗുണം ചെയ്യുന്ന ഒരു ബ്ലോഗ്‌ ആണ് .
    എല്ലാ വിധ ആശംസകളും നേരുന്നു…
    ഹുസൈന്‍ കറ്റാനം ജിദ്ദ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s