
: സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു.സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

: അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.

: ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്പിക്കുകയും ചെയ്യണമേ ( എന്നും അവര്‍ പറയും. )

: തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ ( അത് ഇടയാക്കുക. ) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം

: നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്

: അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ ( പാപങ്ങളില്‍ നിന്ന് ) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.

: പിന്തുടരപ്പെട്ടവര് ( നേതാക്കള്‍ ) പിന്തുടര്‍ന്നവരെ ( അനുയായികളെ ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ ( ഇരുവിഭാഗവും ) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ ( അത്. )

: പിന്തുടര്ന്നവര് ( അനുയായികള്‍ ) അന്നു പറയും : ഞങ്ങള്‍ക്ക് ( ഇഹലോകത്തേക്ക് ) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല..

: അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്. അപ്പോഴതാ ദുര്‍ബലര്‍ അഹങ്കരിച്ചിരുന്നവരോട് പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുമോ? അവര്‍ ( അഹങ്കരിച്ചിരുന്നവര്‍ ) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല.

: കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് ( ഞാന്‍ ചെയ്ത വാഗ്ദാനം ) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്

: എന്റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.

: എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന് എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. (എന്നിങ്ങനെ അവന് പറഞ്ഞു കൊണ്ടിരിക്കും) പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു

: അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന് പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന് പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും ( അവരെ പിന് പറ്റുകയാണോ? )

: യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.

: അത്തരം ഒരാള്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന് അഹങ്കരിച്ച് കൊണ്ട് തിരിഞ്ഞുകളയുന്നതാണ്. അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ.. ആകയാല്‍ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത യറിയിക്കുക.

: വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.

: എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു ( അവരിത് ചെയ്യുന്നത്. ) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.
—
Advertisements