വഹാബിസം/ഭീകരത ആര്‍ക്കൊക്കെയാണ് മൂക്കു ചൊറിയുന്നത്?

വഹാബിസം/ഭീകരത ആര്‍ക്കൊക്കെയാണ് മൂക്കു ചൊറിയുന്നത്?

വഹാബിസത്തെപ്പറ്റി രാംജത്മലാനി രണ്ട് വാക്ക് പറഞ്ഞപ്പോള്‍ മൂക്ക് ചൊറിഞ്ഞത് രണ്ടേ രണ്ടുകൂട്ടര്‍ക്ക്: വഹാബികള്‍ക്കും എന്‍ഡിഎഫിനും. വഹാബിസവും ഭീകരതയും തമ്മില്‍ ജത്മലാനി പറഞ്ഞതുപോലെത്തന്നെയാണോ എന്ന് സംശയിക്കാനെങ്കിലും ഈ മൂക്കു ചൊറിച്ചില്‍ ഹേതുവായി.

തേജസ് ദിനപത്രവും അത് പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും ആന്തരികമായി മതനവീകരണവാദത്തിന്റെ പക്ഷത്താണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മുസ്ലിംകളുടെ പൊതുപ്ളാറ്റ്ഫോമാണ് പത്രവും പ്രസ്ഥാനവുമെന്നാണ് പലപ്പോഴും അവര്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. പക്ഷേ, എത്ര മറുച്ചവച്ചാലും ഒരുനാള്‍ അറിയാതെ അതു പുറത്തുചാടാതിരിക്കില്ല. തേജസിന്റെ കാര്യത്തിലും അത് സംഭവിച്ചു. വഹാബിസം മത തീവ്രവാദമാണെന്ന രാംജത്മലാനിയുടെ അഭിപ്രായത്തിനെതിരെ എഡിറ്റോറിയല്‍ എഴുതിയ തേജസ് കാടുകയറിപ്പോയി. കേരളത്തിലെ വിരലിലെണ്ണാവുന്ന വഹാബികളെ വെളുപ്പിച്ചും മറ്റുള്ളവരെ കറുപ്പിച്ചും തേജസിന് സ്വന്തം വഹാബിമുദ്രയെ തലോടേണ്ട അവസ്ഥയായി.

ഭീകരതക്കെതിരെ നടന്ന അന്താരാഷ്ട്ര ജൂറിമാരുടെ സമ്മേളനത്തില്‍ പ്രസിദ്ധ നിയമജ്ഞനായ രാംജത്മലാനി നടത്തിയ പരാമര്‍ശങ്ങളാണ് തേജസിനെ ചൂടുപിടിപ്പിച്ചത്. രാം ജത്മലാനിയുടെ പക്ഷം ഏതുമായിരിക്കാം. അയാള്‍ക്ക് സര്‍പദവി നല്‍കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. എന്നാല്‍ അയാളെ ഒരു കാരണമായി മുന്നില്‍ നിര്‍ത്തി കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിംകളെ അന്ധവിശ്വാസത്തിന്റെ കരിമ്പട്ടികയില്‍ പെടുത്തിയതിന്റെ ന്യായീകരണമെന്താണ്?

“പാശ്ചാത്യലോകത്തിന് മുഹമ്മദ്ബ്നു അബ്ദുല്‍വഹാബ് ചതുര്‍ഥിയാവാനുള്ള കാരണം അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയചരിത്രം വായിച്ചവര്‍ക്കൊക്കെയും അറിയാം. അറബികളെ അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും തളച്ചിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ പോരാടിയ അബ്ദുല്‍വഹാബ് ആണ് അവരില്‍ പ്രതിരോധശക്തി വളര്‍ത്തി ഉറപ്പിച്ചെടുത്തത്.” (തേജസ് എഡിറ്റോറിയല്‍ 23/11/09)

മുഹമ്മദ്ബ്നു അബ്ദുല്‍വഹാബ് പാശ്ചാത്യരുടെ കണ്ണിലെ കരടായിരുന്നു എന്നത് ഏത് ചരിത്രത്തില്‍ നിന്ന് കണ്ടെത്തിയതാണെന്ന് തേജസ് വ്യക്തമാക്കണം. എന്നും പാശ്ചാത്യന്റെ കണ്ണിലുണ്ണിയായിരുന്നു വഹാബ്. ഇന്നുകാണുന്ന ആശയങ്ങള്‍ സന്നിവേശിപ്പിച്ച് ഇയാളെ അവതരിപ്പിച്ചത് തന്നെയും ബ്രിട്ടനാണ്. ബ്രിട്ടീഷുകാരന്റെ പണവും സായുധ സന്നാഹങ്ങളും ഉപയോഗിച്ച് സഊദിഅമീറിന്റെ പിന്തുണയോടെ വഹാബികള്‍ നടത്തിയിട്ടുള്ള ക്രൂരമായ ആക്രമണങ്ങളും ശ്മശാനവിപ്ളവവും കുപ്രസിദ്ധമാണ്. ലോകപ്രസിദ്ധ മുസ്ലിംഎഴുത്തുകാരനും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനുമായ ഹാമിദ് അല്‍ഗാറിന്റെ പ്രബന്ധങ്ങള്‍ ഈ സത്യങ്ങള്‍ വിളിച്ചോതുന്നുണ്ട്. 1915ല്‍ ബ്രിട്ടീഷുകാരും വഹാബിയന്‍ സഊദികളും ഒപ്പുവച്ച സൌഹൃദത്തിനും സഹകരണത്തിനുമുള്ള ഉടമ്പടി ബ്രിട്ടീഷ്പണം സഊദിയിലേക്ക് ഒഴുകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. 1917 ആയപ്പോഴേക്കും പ്രതിമാസം അയ്യായിരം പവന്‍ ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ‘നെറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബാത്ത്’ എന്ന ബ്രിട്ടീഷ് മാടമ്പിപദവി സഊദിഭരണാധികാരിക്കു ലഭിച്ചു. 1986ല്‍ എലിസബത്ത് രാജ്ഞി സഊദിഅറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ബ്രിട്ടീഷ് രാജകീയ മുദ്ര കഴുത്തിലണിഞ്ഞാണ് അന്നത്തെ രാഷ്ട്രത്തലവനായ ഫഹദ്ബ്നു അബ്ദുല്‍ അസീസ് ക്യാമറക്കു മുമ്പിലെത്തിയത്. ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ വേണ്ടി അവരുടെ കൂട്ടാളികളായ ബനൂറഷീദിനെ ആക്രമിക്കാനും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കാലു കുത്താന്‍ അനുവദിക്കാതെ ഉസ്മാനിയ്യാക്കളെ പ്രതിരോധിക്കാനും ബ്രിട്ടീഷുകാരാല്‍ നിയുക്തരായവരാണ് ആധുനികവഹാബികള്‍. ഇവരെയാണ് പാശ്ചാത്യന്റെ എതിരാളികളായി തേജസ് വിശേഷിപ്പിക്കുന്നത്. ഈ ദാസ്യത്തെയാണ് സാമ്രാജ്യത്വ പ്രതിരോധമായി വരച്ചുകാട്ടിയത്. ഈ സത്യങ്ങളെല്ലാം അറിയുന്നവരാണ് തേജസിന്റെ തലപ്പത്തുള്ളത്. എന്നിട്ടും ഈ നാടകംകളി തുടരുന്നതിന്റെ പിന്നിലുള്ള ദുരൂഹതകള്‍ തേജസ് പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ മറച്ചുവച്ച ആദര്‍ശത്തിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

തേജസ് തുടരുന്നു:

“രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബിന്റെ സഹോദരന്‍ സൈദിന്റെ ഖബറിടം ആരാധിക്കപ്പെടുന്നുവെന്ന് കണ്ടപ്പോള്‍, രാത്രിയില്‍ അതു തട്ടിനിരപ്പാക്കാന്‍ മറ്റുള്ളവര്‍ ഭയന്നുനിന്നപ്പോള്‍ സ്വന്തം കൈകൊണ്ട് മഴുവെടുത്ത് കൊണ്ടുള്ള മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിന്റെ പുറപ്പാട് പിന്നീട് അറേബ്യയിലെ ചരിത്രസ്മാരകങ്ങള്‍ ഒന്നടങ്കം നശിപ്പിക്കുന്നതില്‍ കലാശിക്കുമാറ് തീവ്രതരമായിരുന്നുവെന്നതു നേരാവാമെങ്കിലും ഇസ്ലാമിന്റെ ഏകത്വത്തെ കലര്‍പ്പില്ലാതെ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.”

ഇവിടെ നിരവധി കാര്യങ്ങള്‍ക്ക് തേജസ് മറുപടി പറയേണ്ടതുണ്ട്. ഒന്നാമതായി സൈദ്ബ്നു ഖത്താബിന്റെതടക്കം ഇബ്നുഅബ്ദുല്‍വഹാബും അണികളും തകര്‍ത്തെറിഞ്ഞെന്ന് തേജസുപോലും സമ്മതിക്കുന്ന മഖ്ബറകളും ചരിത്രസ്മാരകങ്ങളും നിര്‍മിച്ചതാരാണ്? പ്രവാചകരില്‍നിന്ന് ഇസ്ലാം പഠിച്ച സ്വഹാബികളാണ് ഇവ നിര്‍മിച്ചതെന്നത് വ്യക്തമാണ്. അന്ധവിശ്വാസത്തിന്റെ മുദ്രചാര്‍ത്തി അവ തച്ചുടക്കുമ്പോള്‍ അവയുടെ നിര്‍മാതാക്കളായ സ്വഹാബികള്‍ അന്ധവിശ്വാസികളാണെന്ന ധ്വനിയാണ് തേജസിന്റെ വരികള്‍ക്കിടയില്‍ പുറത്തുവരുന്നത്.

രണ്ടാമതായി ഏകത്വം നിലനിര്‍ത്തിപ്പോന്നത് ഇബ്നു അബ്ദുല്‍വഹാബും അനുചരരുമാണെന്ന് പറയുന്നത് ഏത് ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ്? കേരളമുസ്ലിം ചരിത്രം തന്നെയും പരിശോധിച്ചാല്‍ തേജസ് വെള്ളപൂശി പ്രതിഷ്ഠിച്ച വഹാബിസത്തിന്റെ ആഗമനത്തിനു മുമ്പും ശേഷവുമുള്ള സാമുദായിക അന്തരീക്ഷങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ മനസ്സിലാക്കാനാവും. ഇന്ന് കേരളത്തിലെ ജുമുഅ ഖുതുബകള്‍ക്ക് രണ്ടു ഭാഷകളുണ്ടെങ്കില്‍, സ്ത്രീ പള്ളി പ്രവേശത്തിന് രണ്ടു ഭാഷ്യങ്ങളുണ്ടെങ്കില്‍, കൂട്ടുപ്രാര്‍ത്ഥനക്ക് വാദപ്രതിവാദങ്ങളുണ്ടെങ്കില്‍ 1920നു മുമ്പ് ഇത്തരത്തിലുള്ള വിവാദങ്ങളും എണ്ണപ്പെരുക്കവുമില്ലായിരുന്നു എന്നതിന് കേരള വഹാബി നേതാക്കളുടെ ഗ്രന്ഥങ്ങള്‍ തന്നെയും സാക്ഷിയാണ്. പിന്നെ എന്ത് ഐക്യമാണവരുണ്ടാക്കിയത്? അല്ലെങ്കില്‍ തേജസിന്റെ ഏകത്വത്തിന് പുതിയ വല്ല അര്‍ത്ഥവുമുണ്ടോ?

മുസ്ലിംസമുദായത്തിലെ വാദപ്രതിവാദങ്ങള്‍ അനാവശ്യമാണെന്നും തങ്ങള്‍ അതില്‍ പങ്കുചേരില്ലെന്നും വലിയവായില്‍ ഒച്ചവയ്ക്കുന്ന ഈ ചൂടന്‍പത്രവും പ്രസ്ഥാനവും ഇടക്കിടെ ഇങ്ങനെ കാടുകയറുന്ന രീതി പൊറുപ്പിക്കാവതല്ല. മനുഷ്യാവകാശത്തില്‍ പിറക്കുകയും മതകീയലക്ഷ്യങ്ങളില്‍ ആരുമറിയാതെ വ്യഹരിക്കുകയും രാഷ്ട്രീയപ്രസ്ഥാനമായി പരിണമിക്കുകയും ചെയ്തതാണ് തേജസിന്റെ അണിയറ. ഉപജീവനത്തിനു വേണ്ട ഉരുപ്പടികളാണല്ലോ അധികാരവും പണവും. അതിനായുള്ള മലക്കംമറിച്ചിലുകളാണെല്ലാം. അങ്ങനെ വേഷപ്രഛന്നരായി നടക്കുന്നതിനിടയില്‍ പലപ്പോഴും അടിയുടുപ്പ് വെളിപ്പെടും. ഈ പ്രവണത തിരിച്ചറിയണം. ആദര്‍ശപരമായി നേരിടണം.

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

One Response to വഹാബിസം/ഭീകരത ആര്‍ക്കൊക്കെയാണ് മൂക്കു ചൊറിയുന്നത്?

  1. Pingback: ആനുകാലികം « ISLAM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s