ഇസ്‌ലാമിക ബാങ്കിംഗിനെ എന്തിന് പേടിക്കണം?

കേരളത്തില്‍ പുരോഗമനപരമായ എന്തു വന്നാലും എതിര്‍ക്കാന്‍ ഒരു നൂറായിരം രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമുണ്ടായും. സൂചി നിര്‍മ്മാണം മുതല്‍ ആണവറിയാക്ടറുകളായാലും സമരക്കാര്‍ക്കും സമരക്കൊടികള്‍ക്കും ഒരു കുറവുമുണ്ടാകില്ല. ഏറ്റവും അവസാനമായി ഇസ്ലാമിക ബാങ്കിംഗിനെതിരെയും പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ തുടങ്ങുന്ന ഇസ്‌ലാമിക ബാങ്ക്‌ എന്തു വിലക്കൊടുത്തും തകര്‍ക്കാനുള്ള തീരുമാനത്തിലാണ് ആര്‍ എസ് എസ്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ബാങ്ക്‌ തുടങ്ങുന്നതിനോട്‌ കടുത്ത വിയോജിപ്പുണ്ടെന്ന്‌ ആര്‍ എസ്‌ എസ്‌ വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാന വ്യാപകമായി ശാഖകളിലൂടെ ഇസ്ലാമിക ബാങ്ക് പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ആര്‍ എസ് എസ് നേതാക്കള്‍ പ്രതിജ്ഞയെടുത്തിരിക്കയാണ്.

ഇസ്ലാമിക ബാങ്കിംഗിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കാനിരിക്കയാണ്. മുന്‍ കേന്ദ്ര നിയമമന്ത്രി ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത്. രാജ്യത്തെ ഭരണഘടനക്കും റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഇസ്ലാമിക ബാങ്കിംഗ് വര്‍ഗീയ ബാങ്കിംഗാണെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

ഇസ്ലാമിക് ബാങ്ക് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ‘പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ സിസ്റ്റം’ അഥവാ ‘പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ ബാങ്കിംഗ്‌’ എന്നതാണ്‌‌. ലാഭകരമാകുമെന്നുറപ്പുള്ള, ശരീയത്ത് അനുവദിക്കുന്ന, കച്ചവടത്തിലോ വ്യവസായത്തിലോ മാ‍ത്രമെ ഇസ്ലാമിക് ബാങ്ക് നിക്ഷേപമിറക്കാന്‍ തയ്യാറാകൂ. ഈ തുക മുന്‍ നിശ്ചയിച്ച ലാഭവിഹിതം ഉള്‍പ്പെടെ ഗഡുക്കളായാണ് തിരിച്ചുപിടിക്കുക. ശേഷം പണം നിക്ഷേപിച്ചവര്‍ക്ക് ഈ ലാഭവിഹിതത്തിന്‍റെ ഒരു പങ്ക്‌ നല്‍കുകയും ചെയ്യും. ഇസ്ലാമിക ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്ക് പലിശയ്ക്ക് പകരം ലാഭമാണ് നല്‍കുന്നത്.

ഇനി ഏതെങ്കിലും പദ്ധതി നഷ്‌ടത്തിലായാല്‍ മറ്റ് പദ്ധതികളുടെ ലാഭം കൊണ്ട്‌ പരിഹരിക്കാറാണ് ഇസ്ലാമിക ബാങ്കിംഗ് രീതി. വ്യവസായം തുടങ്ങുന്ന വ്യക്തി പദ്ധതിയുമായി ബാങ്കിനെ സമീപിക്കുന്നു. ബാങ്ക്‌, പദ്ധതിയുടെ സാമൂഹികവും കാലികവുമായ ആവശ്യകതയും അതിന്റെ ലാഭസാദ്ധ്യതയും വിശദമായി വിലയിരുത്തുന്നു. പദ്ധതി ഇരുകൂട്ടരും സംയുക്തമായോ മുതല്‍ മുടക്ക്‌ മുഴുവന്‍ ബാങ്ക്‌ വഹിക്കുന്ന രീതിയിലോ ആരംഭിക്കുന്നു. എല്ലാ ഇടപാടുകളിലും ബാങ്ക് അധികൃതര്‍ ഇടപെടുമെന്നതാണ് ഇസ്ലാമിക ബാങ്കിംഗിന്റെ പ്രത്യേകത.

മാസങ്ങള്‍ മുമ്പ് വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ ഗള്‍ഫിലെ ചില വ്യവസായികള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് കേരളത്തില്‍ ഇസ്‌ലാമിക ബാങ്ക്‌ പദ്ധതി ഉയര്‍ന്നു വന്നത്. ആഗസ്‌ത്‌ 24 ന്‌ കേരള ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ബോര്‍ഡ്‌ യോഗം അംഗീകരിച്ച പദ്ധതി ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്‌.

കെ എസ്‌ ഐ ഡി സി അംഗീകരിച്ച പദ്ധതിയനുസരിച്ച്‌ ബാങ്കിന്റെ അടച്ചുതീര്‍ത്ത മൂലധനം 11 കോടി രൂപയാണ്‌. അംഗീകരിച്ച മൂലധനം 500 കോടിയും. 11 ശതമാനം നിക്ഷേപം കെ എസ്‌ ഐ ഡി സി നല്‍കും. ബാക്കി തുക ഓഹരിയുടമകളില്‍നിന്ന്‌ സമാഹരിക്കും. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാലുടന്‍ റിസര്‍വ്‌ബാങ്കിനെ അനുമതിക്കായി സമീപിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം.

ഓഹരിയുടമകള്‍ മുസ്‌ലിങ്ങളായിരിക്കണമെന്ന്‌ നിര്‍ബന്ധമില്ലെങ്കിലും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക്‌ വിധേയമായിട്ടായിരിക്കും നിര്‍ദിഷ്ട ബാങ്ക്‌ പ്രവര്‍ത്തിക്കുകയെന്ന്‌ നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനായി ബാങ്കിന്‌ ഒരു ശരീയത്ത്‌ ഉപദേശക ബോര്‍ഡുണ്ടായിരിക്കും. ഇസ്‌ലാമിക രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ശരീയത്ത്‌ നിയമങ്ങള്‍ പാലിക്കുവെന്ന്‌ ഉറപ്പുവരുത്തുന്ന ‘ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക്‌ ഫിനാന്‍ഷ്യല്‍ ബോര്‍ഡി’ന്റെ അനുമതിയോടെയും മേല്‍നോട്ടത്തിലുമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഈ ബാങ്കും പ്രവര്‍ത്തിക്കുക.

Islamic Bank

ഇസ്‌ലാമിക വിശ്വാസമനുസരിച്ച്‌ നിക്ഷേപത്തിന്‌ പലിശ നല്‍കുന്നത്‌ കുറ്റകരമാണ്‌. അതിനാല്‍ തന്നെ പലിശയ്‌ക്കു പകരം റിയല്‍ എസ്റ്റേറ്റ്‌, റോഡ്‌ നിര്‍മാണം തുടങ്ങിയ ബിസിനസ്സുകളില്‍ പണം നിക്ഷേപിച്ച്‌ അതില്‍ നിന്നുള്ള ലാഭവിഹിതം നിക്ഷേപകര്‍ക്ക്‌ നല്‍കാനാണ്‌ നീക്കം.

വായ്പകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ പലിശ നല്‍കില്ല. ഇത് അംഗീകരിക്കാമെങ്കിലും ശരീഅത്ത് നിയമപ്രകാരം ബാങ്ക് തുടങ്ങുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വാദക്കാരനാണ് ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്ലാമിക നിയമപ്രകാരം രാജ്യത്ത് ഒരു ബാങ്കിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ദ സമിതി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതാണെന്നും സ്വാമി പറയുന്നു.

മതപരമായ ചട്ടക്കൂടിനുള്ളില്‍ ബാങ്ക് ആരംഭിക്കുന്നത് രാജ്യത്ത് കൂടുതല്‍ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കൂ. ഈ പദ്ധതിയിലൂടെ വര്‍ഗീയ ബാങ്കിംഗ് എന്ന സമ്പ്രദായത്തിനു കേരളത്തില്‍ തുടക്കമാവുമെന്നും കോടതി ഇത് തടയണമെന്നുമാണ് സ്വാമിയുടെ ആവശ്യം.

എന്നാല്‍, ആര്‍ എസ് എസും ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമിയും പറയുന്നതിന് അപ്പുറം മറ്റൊരു വാദവുമുണ്ട്. ഇസ്ലാമിക ബാങ്കിംഗ് നടപ്പിലാക്കുന്ന പലിശരഹിത ബാങ്കിംഗ് സേവനം വേണ്ടത്ര ലഭ്യമല്ലാത്തതിനാലാണ് സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരടക്കം നല്ലൊരു ശതമാനം ഇന്ത്യക്കാരും ബാങ്കിംഗ് മേഖലയില്‍നിന്ന് പിന്‍‌മാറുന്നതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ രഘുറാം രാജന്‍ ചെയര്‍മാനായ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഇസ്ലാമിക ബാങ്കിംഗിലൂടെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചേക്കുമെന്നും അനുകൂല സാഹചര്യമില്ലാത്തതിനാല്‍ നിക്ഷേപിക്കപ്പെടാതെ കിടക്കുന്ന സമ്പത്ത് വിപണിയിലേക്കൊഴുകുമെന്നുമാണ് കേന്ദ്ര സാമ്പത്തികകാര്യ വിഭാഗം മേധാവികള്‍ പറയുന്നത്.

ഏഷ്യന്‍ ബാങ്ക്‌സ് റിസര്‍ച്ച് മാഗസിന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 2008 വര്‍ഷത്തില്‍ 66 ശതമാനത്തിന്റെ ആസ്തി വര്‍ധനയാണ് നൂറോളം പ്രമുഖ ഇസ്ലാമിക ബാങ്കുകള്‍ ഉണ്ടാക്കിയെന്നാണ് കണക്ക്. ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഇസ്ലാമിക ബാങ്കിംഗ് സംവിധാനത്തെ കേരളം മാത്രം സ്വീകരിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ലോകത്ത് പ്രമുഖ നഗരങ്ങളിലൊക്കെ ഇസ്ലാമിക ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, ടോക്യോ എന്നീ നഗരങ്ങളിലെ സാമ്പത്തിക മേഖലകളില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന ബാങ്കുകളില്‍ ഒന്നാണ് ഇസ്ലാമിക് ബാങ്കുകള്‍.

സാമ്പത്തികപരമായി ഇത്രത്തോളം വിജയിച്ച ഇസ്ലാമിക് ബാങ്കുകള്‍ മുംബൈ, ഡല്‍ഹി കൊച്ചി, ബാംഗ്ലൂര്‍ നഗരങ്ങളില്‍ എന്തുകൊണ്ട് സ്ഥാപിച്ചു കൂടാ. ലോകത്തിലെ വിവിധ നഗരങ്ങളില്‍ ഇസ്ലാമിക ബാങ്കിംഗിന്‍റെ വിജയം മുന്നില്‍കണ്ടു കൊണ്ടാണ് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഇന്ത്യയില്‍ ഇസ്ലാമിക ബാങ്ക് തുടങ്ങണമെന്ന് പ്രസ്താവന നടത്തിയത്. ഇക്കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച ചെയ്യാനും പ്രണബ് തയ്യാറായിട്ടുണ്ട്.

ഭീകരവാദത്തെ സഹായിക്കാനുള്ള ഉപാധിയായി ഈ ബാങ്ക് വ്യവസ്ഥ മാറാം എന്ന സങ്കല്‍പവാദം ആര്‍ എസ് എസ് മുന്നോട്ടുവെച്ചിരിക്കുന്നു. എന്നാല്‍, പലിശരഹിത ബാങ്കിംഗ് ഒരു പ്രത്യേക സമുദായത്തിനോ മതത്തിനോ ഉള്ളതല്ല. ഇതില്‍ ആര്‍ക്കും പങ്കാളിയാകാം. ഭീമന്‍ പലിശനിരക്ക് ഈടാക്കി കഴുത്ത് ഞെരിക്കുന്ന പ്രമുഖ സമ്പ്രദായാത്തിന് മറുപടിയായാണ് പലിശരഹിത സ്ഥാപനങ്ങളെ കാണേണ്ടത്. അവിടെ നമ്മള്‍ വിവാദങ്ങള്‍ക്ക് അവസരമുണ്ടാക്കരുത്. ലോകത്തെ പ്രമുഖ ബാങ്കുകളൊക്കെ കഴുത്തറുപ്പന്‍ പലിശയും മറ്റിന ലാഭങ്ങളും വാങ്ങിക്കൂട്ടുമ്പോള്‍ ചുരുങ്ങിയ ചിലവില്‍ ഇസ്ലാമിക് ബാങ്കിംഗ് സേവനം നല്‍കുന്ന ഇസ്ലാമിക് ബാങ്കിംഗിനെ എതിര്‍ക്കേണ്ടതില്ല.

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

One Response to ഇസ്‌ലാമിക ബാങ്കിംഗിനെ എന്തിന് പേടിക്കണം?

  1. Pingback: ആനുകാലികം « ISLAM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s