വിശ്വാസിയുടെ ഏറ്റവും വലിയ സ്നേഹ പത്രം തിരുനബി

മാധ്യമം ദിനപത്രം നബി തങ്ങളോടുള്ള സ്നേഹത്തെ കുറിച്ച്   പ്രസ്ധീകരിച്ച ലേഖനം

സ്നേഹത്തിന്റെ ഉദാത്തവും ഉല്‍കൃഷ്ടവുമായ ജീവിതപാഠങ്ങളാണ് സ്വജീവിതത്തിലൂടെ തിരുനബി ലോകത്തിന് പകര്‍ന്നത്. സാംസ്കാരികവും ധാര്‍മികവുമായി മനുഷ്യസമൂഹം ധര്‍മച്യുതിയില്‍ അഭിരമിച്ച ഒരു കാലത്ത് നിയതവും നീതിനിഷ്ഠവുമാര്‍ന്ന ഒരു ദര്‍ശനത്തിലൂടെ പ്രവാചകന്‍ ലോകത്തെ ധാര്‍മികമായി സംസ്കരിച്ചെടുത്തു. മനുഷ്യഹൃദയത്തില്‍ സ്നേഹത്തിന്റെ കൈത്തിരി കൊളുത്തിയാണ് തിരുനബി ജനതയെ നേര്‍വഴിയിലേക്ക് നയിച്ചത്.
നന്മയെ സ്നേഹിക്കുകയും തിന്മയെ വെറുക്കുകയും ചെയ്യുക എന്ന ഇസ്ലാമികദര്‍ശനത്തിന്റെ സമ്പൂര്‍ണപാഠങ്ങളെ നെഞ്ചിലേറ്റിയപ്പോള്‍ തിന്മയുടെ വാഹകരായിരുന്ന ഒരു സമൂഹം നന്മയുടെയും സത്യത്തിന്റെയും വക്താക്കളായി മാറി. മനുഷ്യന്റെ മനോഭാവത്തില്‍ മൌലികമാറ്റം വരുത്തിയാണ് റസൂല്‍(സ) ഈ സ്നേഹവിപ്ലവം സൃഷ്ടിച്ചത്. ഗോത്രങ്ങളെയും കുലങ്ങളെയും സമൂഹകൂട്ടായ്മകളെയും അതിന്റെ പാഥേയങ്ങളില്‍ നിലനിറുത്തുകയും മനസ്സിനെ വിമലീകരിക്കുകയുമാണ് മുഹമ്മദ് നബി ചെയ്തത്. ഇതോടെ ഇസ്ലാമികദര്‍ശനത്തിലേക്ക് ജനങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തി. സത്യവിശ്വാസികള്‍ക്ക് അഭയവും ആശ്വാസകേന്ദ്രവുമായി പ്രവാചകന്‍. എല്ലാറ്റിനെയും എല്ലാവരെയും അവിടുന്ന് സ്നേഹിച്ചു. സഹവര്‍ത്തിത്വത്തോടെ പെരുമാറുകയും സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പര്‍ശംകൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. തങ്ങള്‍ ഉന്നതമായ സ്വഭാവത്തിന്റെ ഉടമയാണെന്ന ഖുര്‍ആനികവചനം സ്വജീവിതത്തിലൂടെ അന്വര്‍ഥമാക്കി. സ്നേഹം നല്‍കിയവര്‍ക്ക് സ്നേഹം തിരിച്ചുകിട്ടുമെന്ന് അരുള്‍ ചെയ്തു. ഈ സ്നേഹപാഠങ്ങളാണ് എന്നും മാനവരാശിയുടെ വിമോചനമന്ത്രവും വിജയനിദാനവും.ഒരാള്‍, മറ്റൊരാളെ സ്നേഹിക്കുന്നതിന് കാരണമായി മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സൌന്ദര്യം തുടങ്ങിയ ബാഹ്യഗുണങ്ങള്‍, വിജ്ഞാനം തുടങ്ങിയ ആന്തരികഗുണങ്ങള്‍, അയാളില്‍നിന്ന് ലഭിക്കുന്ന നന്മകളും ഉപകാരങ്ങളും. ഒരു വ്യക്തിയില്‍ ഒത്തുചേരുന്ന ഗുണങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും സ്നേഹത്തിന്റെ ഏറ്റക്കുറച്ചില്‍. സുന്ദരനോടും അതിസുന്ദരനോടുമുള്ള സ്നേഹം തുല്യമല്ല. പണ്ഡിതനോടും, മഹാപണ്ഡിതനോടുമുള്ള സ്നേഹങ്ങള്‍ തമ്മിലുമുണ്ട് അന്തരം. അപ്രകാരം തന്നെ ചെറിയ ഗുണം ചെയ്തവരോടുള്ള സ്നേഹമാവില്ല വലിയ ഗുണം ചെയ്തവരോട്.

എന്നാല്‍, സ്നേഹത്തിനുള്ള എല്ലാ നിമിത്തങ്ങളും സമഗ്രമായി ഒരു വ്യക്തിയില്‍ ഒത്തുചേര്‍ന്നാലോ? ആ വ്യക്തി ലോകത്ത്, എല്ലാവരാലും, എപ്പോഴും, ഏറ്റവും സ്നേഹിക്കപ്പെടാന്‍ അര്‍ഹനായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ ഒരു വ്യക്തി പക്ഷേ ഉണ്ടാകുമോ? അതു സംഭവ്യമാണോ? അതേ, സംഭവ്യമാണ്. ലോകം ആ വ്യക്തിയെ നേര്‍ക്കണ്ണില്‍ കണ്ടു. ആ അതുല്യമായ വ്യക്തിപ്രഭാവത്തെ ശത്രുമിത്ര ഭേദമെന്യേ രേഖപ്പെടുത്തി. ബുദ്ധി, സൌന്ദര്യം, പ്രസന്നത, പ്രതിഭാശക്തി, സദാചാരം, സദ്സ്വഭാവം, സഹനം, സഹിഷ്ണുത, വിശാലമനസ്കത, വിശാലവീക്ഷണം, ദീര്‍ഘദര്‍ശനം, കാരുണ്യം, മഹാമനസ്കത, ധൈര്യം, സ്ഥൈര്യം, സാഹസികത, ഭരണം, നേതൃത്വം, സ്വാധീനം, നയതന്ത്രം, നീതിന്യായം, യുദ്ധപാടവം, സൈന്യാധിപത്യം, അധ്യാപനം, സംസ്കരണം, സമുദ്ധാരണം, പ്രസംഗം, ഉപദേശം, ശിക്ഷണം, സ്ഥിരോത്സാഹം, ആത്മാര്‍ഥത, പ്രവര്‍ത്തനം, സേവനം, സംഘാടനം, എല്ലാ മഹദ് ഗുണങ്ങളിലും അക്ഷരാര്‍ഥത്തില്‍ അതുല്യമായ ഒരു മഹാവ്യക്തിത്വത്തെ നാം ചരിത്രത്തില്‍ കാണുന്നു. അതാണ് ലോക പ്രവാചകനായ മുഹമ്മദ്നബി (സ).

മനുഷ്യസമൂഹത്തിന്റെ മോക്ഷത്തിനും സമുദ്ധാരണത്തിനും നബി ചെയ്ത ഏറ്റവും വലിയ സേവനമാണ് ഏറ്റം ശ്രദ്ധേയം. ഏതൊരു പരിഷ്കര്‍ത്താവിനും അസാധ്യമായ വിപ്ലവമാണ് തിരുനബി സാധിച്ചത്. പ്രവാചകരുടെ പ്രഥമസംബോധിതരായ അറബികളുടെ ദുരവസ്ഥയേക്കാള്‍ ദയനീയമായിരുന്നു റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെയും യൂറോപ്പിന്റെയും സ്ഥിതി. എച്ച്.ജി.വെല്‍സിന്റെ വരികളില്‍: ‘ബൈസാന്റിയന്‍ സാമ്രാജ്യവും പേര്‍ഷ്യന്‍സാമ്രാജ്യവും നശീകരണപോരാട്ടങ്ങളിലായിരുന്നു. ഇന്ത്യയാകട്ടെ തദവസരം ഛിദ്രതയിലും ദുഃസ്ഥിതിയിലുമായിരുന്നു’ (A Short History of the World p. 244). അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെ യൂറോപ്പിലുടനീളം തമോരാത്രി വ്യാപിച്ചിരുന്നുവെന്ന് റോബര്‍ട്ട് ബ്രിഫോള്‍ട്ട്. നാഗരിക ലോകം മുഴുവന്‍ അക്കാലത്ത് നാശവക്ത്രത്തിലെത്തിയിരുന്നുവെന്നാണ് ജെ. എച്ച്. ഡെനിസന്‍ പറയുന്നത്.ഈ തലതിരിഞ്ഞ ലോകത്തിന്റെ ഗതിക്കു മാറ്റം വരുത്തി ഒരു വിശ്വോത്തര സമുദായത്തെ വാര്‍ത്തെടുക്കുക ക്ഷിപ്രസാധ്യമല്ല. പ്രസിദ്ധ ഫ്രഞ്ച്സാഹിത്യകാരനായ ലാമാര്‍ട്ടിന്‍ നബിയുടെ നിരുപമവിജയത്തിനു മുമ്പില്‍ തലകുനിക്കുന്നു: ‘ഇത്രയും മഹോന്നതമായ ഒരു ലക്ഷ്യത്തിനായി ഒരു മനുഷ്യനും ഇറങ്ങിത്തിരിച്ച ചരിത്രമില്ല. കാരണം ഈ ലക്ഷ്യം മനുഷ്യ കഴിവിന് അതീതമായിരുന്നു. മനുഷ്യന്റെയും സ്രഷ്ടാവിന്റെയും ഇടയ്ക്കു സൃഷ്ടിക്കപ്പെട്ട മിഥ്യാഭിത്തികള്‍ തകര്‍ക്കുകയും മനുഷ്യനെ കൈപിടിച്ച് നാഥന്റെ പടിവാതില്‍ക്കലേക്ക് ആനയിക്കുകയും ഉജ്വലവും സംശുദ്ധവുമായ ഏകദൈവസിദ്ധാന്തം, സര്‍വവ്യാപകമായ വിഗ്രഹാരാധനയുടെയും ഭൌതികദൈവങ്ങളുടെയും കാര്‍മേഘാന്തരീക്ഷത്തില്‍, യാഥാര്‍ഥ്യമാക്കുകയുമായിരുന്നു ആ പരമോന്നത ലക്ഷ്യം. ചെറുതും നിസ്സാരവുമായ ഉപാധികളുമായി ഇവ്വിധം ദുര്‍വഹവും എന്നാല്‍, അതിപ്രധാനവും അത്യുദാത്തവുമായ ഉത്തരവാദിത്തം മറ്റൊരു മനുഷ്യനും ഏറ്റെടുത്ത സംഭവമുണ്ടായിട്ടില്ല’.

ഇക്കാരണം കൊണ്ടു തന്നെയാണ് ഇരുനൂറ് വര്‍ഷംമുമ്പ് തോമസ് കാര്‍ലൈല്‍ സകല പ്രവാചകന്മാരുടെയും കൂട്ടത്തില്‍ നിന്ന് മുഹമ്മദ് നബിയെ ഏറ്റവും വലിയ ചരിത്രപുരുഷനായി തിരഞ്ഞെടുത്തത്. ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മൈക്കല്‍ എച്ച്. ഹാര്‍ട്ട് ചരിത്രത്തില്‍ ഏറ്റം സ്വാധീനം ചെലുത്തിയ നൂറ് മഹാന്മാരുടെ ചരിത്ര പട്ടികയുള്‍ക്കൊള്ളിച്ചു ഗ്രന്ഥമെഴുതിയപ്പോള്‍ നബിക്ക് പ്രഥമസ്ഥാനം നല്‍കിയതിന്റെ കാരണവും മറ്റൊന്നല്ല.
വിശ്വവിമോചകനായ മുഹമ്മദ്നബിയെ സ്നേഹിക്കാന്‍ ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. ‘സകലലോകത്തിനും അനുഗ്രഹമായിട്ടു മാത്രമാണ് താങ്കളെ നിയോഗിച്ചിട്ടുള്ളത്’ എന്നാണ് ഖുര്‍ആന്റെ പ്രസ്താവന. മനുഷ്യന്റെ പ്രഥമമായ പരമസ്നേഹം സ്രഷ്ടാവായ അല്ലാഹുവോടായിരിക്കണം. അടുത്ത പടി അല്ലാഹുവിന്റെ പ്രവാചകരായ തിരുനബിയോട്. അഥവാ സൃഷ്ടികളില്‍ ഏറ്റം വലിയ സ്നേഹം പ്രവാചകരോട്. ഈ സ്നേഹം സത്യവിശ്വാസത്തിന്റെ മൌലികഘടകമാണ്. ‘പറയുക, നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും സമ്പാദിച്ച സ്വത്തുക്കളും മാന്ദ്യം ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും ഇഷ്ടപ്പെട്ട മണിമാളികകളുമാണ്, അല്ലാഹുവേക്കാളും പ്രവാചകനേക്കാളും അവന്റെ മാര്‍ഗത്തിലെ ധര്‍മസമരത്തേക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ അല്ലാഹു അവന്റെ കല്‍പന നടപ്പില്‍ വരുത്തുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല’ (ഖുര്‍ആന്‍ 9:24).
തന്റെ സന്താനങ്ങള്‍, മാതാപിതാക്കള്‍, മറ്റു ജനങ്ങള്‍ ഇവരെല്ലാവരേക്കാളും എന്നെ സ്നേഹിക്കുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ലെന്ന തിരുനബിയുടെ പ്രസ്താവന സുപ്രസിദ്ധമാണ്. ഉമര്‍ ഫാറൂഖ് ഒരിക്കല്‍ നബിയോട് പറഞ്ഞു: ‘അല്ലാഹുവാണ്, ഞാന്‍ അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളെക്കാളും പ്രിയങ്കരമായി കാണുന്നു.’ അപ്പോള്‍ നബി പറഞ്ഞു: സ്വന്തം ആത്മാവിനേക്കാളും ഞാന്‍ ഒരാള്‍ക്ക് പ്രിയങ്കരനാകുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ല. ഉടനെ ഉമര്‍ ഇങ്ങനെ പ്രതികരിച്ചു: അങ്ങേക്ക് വിശുദ്ധഗ്രന്ഥം അവതരിപ്പിച്ചവന്‍ തന്നെ സത്യം, എന്റെ ശരീരത്തിലെ ആത്മാവിനേക്കാളും അങ്ങ് എനിക്ക് പ്രിയങ്കരനാണ്.’

എന്താണ് സ്നേഹത്തിന്റെ ലക്ഷണം? പ്രവാചകസ്നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നബീ, പറയുക, നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും.’

അപ്പോള്‍, നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോധര്‍മങ്ങളില്‍ നബിയെ അനുകരിക്കണം. അതാണ് സ്നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. തിരുനബി അനസുബ്നു മാലിക് എന്ന ശിഷ്യനു നല്‍കിയ ഉപദേശം കാണുക: ‘കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ, പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അതെന്റെ ചര്യയില്‍പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചു. എന്നെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി’.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍


Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s