ദ ഗ്രേറ്റ് ഇന്റര്‍നാഷനല്‍ ശശി

“അപ്രിയ സത്യങ്ങള്‍ തുറന്നു പറയാനുള്ള അങ്ങയുടെ ധീരതയുണ്ടല്ലോ അത് അഭിനന്ദനീയമാണ് സര്‍. അങ്ങയെ പോലുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശസുയര്‍ത്തുപ്പിടിക്കാനായി മിനിമം നൂറു വര്‍ഷമെങ്കിലും ജീവിക്കണം”

ദ ഗ്രേറ്റ് ഇന്റര്‍നാഷനല്‍ ശശി

പേര് ശശി. അടുത്തറിയാവുന്നവര്‍ ശശിയണ്ണാ എന്നു വിളീക്കും. ആരാധകര്‍ വിശ്വപൗരനെന്നും, നയതന്ത്രജ്ഞനെന്നും മറ്റുമുള്ള വിശേഷണങ്ങള്‍ ചേര്‍ത്തേ പേരു പോലും ഉച്ചരിക്കൂ. ഐക്യരാഷ്ട്ര സഭയിലെ ഉന്നതോദ്യോഗത്തിനു ശേഷം കാംഗ്രസ് പാര്‍ടിയില്‍ ചേര്‍ന്നതിനാല്‍ ശശീജി എന്നുമറിയപ്പെടും. കേള്‍‌വി പെറ്റ മലയാളിയാണ്. രാജഭക്തനായ നായരുമാണ്. ഒന്നിലധികം ഗ്രന്ഥങ്ങള്‍ നിര്‍മിച്ചിട്ടുള്ള പണ്ഡിതന്‍. പോരാത്തതിന് സുന്ദരന്‍. കാളിയുടയാന്‍ ചന്ത്രക്കാറനും, രാജമാര്‍ത്താണ്ഢനും ഒന്നു ചേര്‍ന്ന പൗരുഷം. തിരുവാങ്കോട്ടു ദേശം മുന്‍പു ഭരിച്ചിട്ടില്ലെന്ന ഒരൊറ്റ കുറവു മാത്രം; തിരോന്തരത്തുകാര്‍ക്ക് ഇതില്‍ കൂടുതല്‍ ഭാഗ്യം ഇനിയെന്തു കിട്ടാന്‍! മഹാന്മാരില്‍ മഹാനായ സര്‍വ്വോത്തമന്‍ സര്‍ സീപിയുടെ പ്രോജ്വല സ്മരണയില്‍ ഇന്നും പുളകം കൊള്ളുന്നവരാണ് അനന്തപുരിവാസികള്‍; സീപ്പിക്കു ശേഷം പാര്‍വതി പുത്തനാറിലൂടെ വെള്ളം ഒരുപാടൊഴുകിയെങ്കിലും രാജഭക്തിയും വീരാരാധനയും ഉടവുതട്ടാത്ത കൊങ്കകണക്ക്. രണ്ടു വാക്ക് ഇംഗ്ലിഷില്‍ തികച്ചു പറയാനറിയാത്ത, ലോകം കണ്ടിട്ടില്ലാത്ത ഈ കൊച്ചു കേരളത്തിലെ രാഷ്ട്രീയക്കാരോട് സീപിയുടെ ജനത്തിന് പുച്ഛം തോന്നിയിട്ടുണ്ടേങ്കില്‍ കുറ്റം പറയാനൊക്കുമോ?

ഇല്ലെന്ന് മന്‍‌മോഹന്‍ സിങ്ങുപോലും പറയും. അതുകൊണ്ടല്ലേ, ശശീജിയെ പ്രൈം മോണ്‍സ്റ്റര്‍ നേരെ തിരുവനന്തപുരത്തേക്കിറക്കിയത്. സിപിയില്ലെങ്കിലെന്താ ശശി വന്നല്ലോ എന്നായി ആസ്ഥാനനഗരിയിലെ വികസനപ്രേമികള്‍. ആചാരവെടി വച്ചു സ്വീകരണം. മണ്ഠലത്തെ ലണ്ടനാക്കാമെന്ന ഐക്യരാഷ്ട്രന്റെ വാഗ്ദാനത്തില്‍ തെല്ലഞ്ചാറ് പുളകങ്ങളെല്ലാം കൊണ്ട് പോയതില്‍ തിരോന്തരത്തുകാരെ എന്തരു പറയണം. ശശിസാറു പാട്ടും പാടി ജയിച്ചു കയറി. അണ്ണന്റെ സിംഹാസനം എവിടെ വേണം എന്ന കാര്യത്തില്‍ ഗുരുവും നേതാവുമായ മനമോഹന് തെല്ലുമുണ്ടായിരുന്നില്ല സംശയം. നേരെ കയറ്റി വിദേശകാര്യമന്ത്രിയാക്കിയാല്‍ കാംഗ്രസിലെ ഒരു വഴിക്കും പോവാത്ത താപ്പാനകള്‍ ഇടഞ്ഞാലോ എന്നു ഭയന്നാകണം സഹമന്ത്രിയുടെ കുപ്പായം കല്പ്പിച്ചു കൊടുത്തു. ഐക്യരാഷ്ട്ര സഭയുടെ ദിവാനാവാന്‍ കച്ചയും മുറുക്കിയിരുന്നിരുന്ന ശശിയണ്ണന്‍ ഒടുവില്‍ എസെം കൃഷ്ണയുടെ ജൂനിയര്‍ കിണ്ടി. ആര്‍ക്കു പോയി? മിണ്ടാത്തതിലും നല്ലതല്ലേ കൊഞ്ഞപ്പ്! കൈയും നീട്ടിയങ്ങു സ്വീകരിച്ചു ശശി മന്ത്രിസ്ഥാനം. കളി ശശിയൊടും ജെയിംസിനോടും (ബോണ്ട്) വേണ്ട.

കളിക്കാന്‍ ശശിമാഷിനു സ്ഥലങ്ങള്‍ അനവധി. ഇന്ദ്രപ്രസ്ഥം മുതല്‍ ഇന്റര്‍നെറ്റു വരെ. പടക്കു മുമ്പില്‍ ഫാന്‍സുകാര്‍. എന്തിനും തയ്യാര്‍. തിരുനാവായ മട്ടില്‍ തിരുവാങ്കോട്ടു ദേശത്തു മാമാങ്കം വരെ നടത്തും. മമ്മൂട്ടിക്കും, മോഹന്‍ലാലിനും, (ദിലീപിനും) മാത്രമല്ല തിരോന്തരം വാണരുളുന്ന രാജാവിനും വേണ്ടേ ഫാന്‍സു പട. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഒന്നു ചെന്നു നോക്കൂ. ശശിയണ്ണന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വികസനോന്മുഖമാക്കി മാറ്റിപണിയാനെത്തിയിരിക്കുന്ന മിശിഹായാണെന്നു വരെയാണ് വാദം. അല്ലെന്നു തെളിയിക്കാന്‍ ലിങ്കുറപ്പുള്ളവരുണ്ടോ? ശശിയണ്ണന്‍ ഊച്ചാളി രാഷ്ട്രീയക്കാരെ പോലെയൊന്നുമല്ല. കേരളമെന്ന ഈ ഇട്ടാവട്ടത്തില്‍ കിടന്ന് പാളത്താറുകാരോട് തായം കളിക്കാന്‍ അറിയാഞ്ഞിട്ടല്ല, അദ്ദ്യേത്തിനു താത്പര്യമില്ല. ഒരു ഉദാഹരണം പറയാം. സാധാരണ രാഷ്ട്രീയക്കാര്‍ സര്‍ക്കാര്‍ വക വീടുകള്‍ വിട്ടു കൊടുക്കില്ലെന്നാണ് പരാതി. ഇത്തരം പെറുക്കികളായ ബ്ലഡി ഇന്ത്യന്‍സിനുള്ള മാതൃകയാണ് ശശീജി. മന്ത്രിക്കുപ്പായവും വാങ്ങി നേരെ പോയത് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്. ഒരു രാത്രി അന്തിയുറങ്ങി തിരിച്ചു വരാനൊന്നുമല്ല. വാസം മാസങ്ങളോളം. വാര്‍ത്ത വായിച്ച് തിരോന്തരത്തും, ഓണ്‍ലൈനിലുമായി ജീവിക്കുന്ന തരൂര്‍ ഫാന്‍സുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം കണ്ട് ആവേശോജ്വലരായി കീജേ വിളിച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ വിമര്‍ശിക്കാന്‍ വികസനവിരോധികളായ ഇടതുപക്ഷക്കാര്‍ മാത്രമേ ഉണ്ടാവൂ. സുക്രുതക്ഷയം!

വികസനത്തെക്കുറിച്ചു മാഷിനു മറ്റാര്‍ക്കുമില്ലാത്ത കാഴ്ച്ചപ്പാടുണ്ട്. ഇന്ത്യാമഹാരാജ്യത്തിന്റെ ഏറ്റവും വലിയ ശാപം കാശിനു കൊള്ളാത്ത ദരിദ്രരാണെന്ന കാര്യത്തില്‍ മാറ്റാര്‍ക്കു സംശയമുണ്ടെങ്കിലും, കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ പൂര്‍ണദരിദ്രര്‍ മാത്രമല്ല മധ്യവര്‍ഗവും പ്രശ്നക്കാരാണെന്നാണ് ശശി മതം. അതിനാല്‍, വിമാനത്തിന്റെ ഇക്കണോമി ക്ലാസ് വെറും കന്നാലി ക്ലാസാണെന്ന മഹാ സത്യം തുറന്നു പറയാനുള്ള ധീരത അദ്ദേഹം കാണിച്ചത് (ഡാ കന്നാല്യേ! എന്ന ഇട്ടൂപ്പ് ലൈനിലാണോ?, അപ്രിയ സത്യങ്ങള്‍ തുറന്നു പറയാനുള്ള അങ്ങയുടെ ധീരതയുണ്ടല്ലോ അത് അഭിനന്ദനീയമാണ് സര്‍. അങ്ങയെ പോലുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശസുയര്‍ത്തുപ്പിടിക്കാനായി മിനിമം നൂറു വര്‍ഷമെങ്കിലും ജീവിക്കണം). അണ്ണന്‍ എന്തായാലും ഈ രാജ്യത്തെ തീവണ്ടിയാപ്പീസുകള്‍ നേരില്‍ കണ്ടു കാണാനിടയില്ല. ഒരു ദിവസം ദില്ലിയിലെ തീവണ്ടീയാപ്പീസ് കൂടി ഒന്നു നേരില്‍ കാണാനുള്ള സാഹചര്യം മന്ത്രീജിക്കുണ്ടാക്കി കൊടുക്കണമെന്ന് ആരാധകരിലാര്‍ക്കെങ്കിലും പ്രധാനമന്ത്രിക്കൊരു കത്തെഴുതാവുന്നതാണ്. സത്യത്തില്‍ ചാലിച്ചെടുത്ത കൂടുതല്‍ മഹത്വചനങ്ങള്‍ കേള്‍ക്കാനുള്ള കൊതി കൊണ്ടാണ്. മദ്വജനങ്ങള്‍ക്കു മാര്‍ദ്ദവവും കൂടും, ഉദ്ദേശ്ശശുദ്ധി വിസ്തരിച്ചുണ്ടാകുംതാനും.

തെരഞ്ഞെടുപ്പും കഴിഞ്ഞ് പൊടിയും തട്ടി മണ്ഡലം വിട്ടുപോകുന്ന സാധാരണ എംപിയല്ല അണ്ണന്‍. ആഗോള പൗരനു സ്വന്തം കര്‍മ്മമണ്ഠലം ശ്രീപത്മനാഭനെ ചുറ്റിമാത്രമല്ലതാനും. അതു കൊണ്ടാണ് ചാച്ചന്‍ കൊച്ചി വരെ പോയത്. കൊച്ചിക്ക് അത്യാവശ്യമായി വേണ്ടതെന്താണെന്നു ചോദിച്ചാല്‍ ഏതു കൊച്ചു കുട്ടിയും പറയും ഐപിഎല്‍ റ്റീമാണെന്ന്. സ്വന്തം നഗരത്തിന്റെ പേരില്‍ ഒരു ഐപിഎല്‍ റ്റീമെങ്കിലുമില്ലെങ്കില്‍ എങ്ങിനെ ജീവിക്കും ഈ നാട്ടില്‍. ഐപിഎല്‍ റ്റീമുകള്‍ കൊണ്ടൂ വരുന്ന വികസനത്തിന്റെ ഏദന്‍ തോട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ചൊമല ട്രൗസര്‍കാര്‍ക്ക് മാത്രമേ പറ്റൂ. സ്വന്തമായി റ്റീമില്ലാത്തതിനാല്‍ കൊച്ചിക്കാര്‍ നന്നായൊന്നുറങ്ങിയിട്ട് തന്നെ നാളുകളായിരുന്നു. ഇനി പൊതുജന താത്പര്യം പരിഗണിച്ച് ആരെങ്കിലും ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചേക്കുമോ എന്ന സന്നിഗ്ദാവസ്ഥയില്‍ നഗരം നില്‍ക്കുമ്പോഴാണ് രക്ഷകനായി ശശിയവര്‍കള്‍ അവതരിക്കുന്നത്.

കേരളത്തേയും, മലയാളീകളേയും സ്നേഹിക്കുന്ന, നാടിന്റെ സ്പന്ദനങ്ങള്‍ പോലും മനസു കൊണ്ട് തൊട്ടറിയുന്ന നേതാവിന് എങ്ങിനെ വെറുതെയിരിക്കാനാവും? പറ്റില്ല. അതു കൊണ്ടാണ് പഞ്ചനക്ഷത്ര ജീവിതവും, എന്തിന് റ്റ്വീറ്റിങ്ങു പോലും വേണ്ടെന്ന് വച്ചിട്ട് നായകന്‍ കൊച്ചിക്കു ക്രിക്കറ്റ് റ്റീമുണ്ടാക്കാനായി ഇറങ്ങി തിരിച്ചത്. ഒടുവില്‍ ലേലം‌വിളി കഴിഞ്ഞപ്പോള്‍, പൂണെ സഹാറ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ ബിഡ് കൊച്ചി  റോന്‍ഡെവ്യൂവിന്റേത്. അന്നു രാത്രി കൊച്ചിക്കാര്‍ നീലക്കണ്ണുള്ള തരൂരിനേയ്യും മനസില്‍ സ്വപ്നം കണ്ട് സമാധാനമായുറങ്ങി. കൊച്ചി തെരുവുകളില്‍ ജീവിതം സാധാരണ ഗതിയിലായി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ശശിയണ്ണന്റെ ലിങ്കുകള്‍ പെരുമഴയായി പെയ്തിറങ്ങി. പിന്നെ, കൊച്ചി കണ്ടവനു എന്താണു വേണ്ടാത്തതെന്ന കാര്യത്തില്‍ അണ്ണനു തീര്‍പ്പും ഉണ്ടായിരുന്നു.

അപ്പോഴാണ് ഒരു ചിന്ന പ്രച്നം. ഇന്നലത്തെ മഴയ്ക്ക് കിളുത്ത പയ്യന്‍ ലളിത് മോഡി ട്വിറ്റര്‍ഗെയ്റ്റുമായിറങ്ങിയിരിക്കുന്നു. കൊച്ചി ഐപിഎല്‍ റ്റീമില്‍ തനിക്ക് യാതൊരു സാമ്പത്തിക നേട്ടവുമില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പ്രസംഗിച്ചു നടന്നിരുന്ന തരൂരണ്ണന്റെ മുഖമടിച്ചടിയായി പോയി ക്രിക്കറ്റ് മോഡിയുടെ ട്വീറ്റ്. മന്ത്രീജിയുടെ ഏറ്റവും പുതിയ കാമുകി സുനന്ദ പുഷ്കറിന്റെ കയ്യില്‍ റ്റീം കൊച്ചിയുടെ 4.5 ശതമാനം ഓഹരിവിഹിതം ഭദ്രം. അതും സൗജന്യമായി ലഭിച്ചത്! ഏകദേശം 70 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ സുനന്ദാജിക്ക് എങ്ങിനെ കിട്ടി? പയ്യന്‍ മോഡിയുടെ ട്വീറ്റിനു ശേഷം വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് റ്റീം പ്രൊമോട്ടറായ റെന്‍ഡെവ്യൂവിന് സൗജന്യമായി ലഭിച്ച 26 ശതമാനം ഓഹരിയുടെ ഏകദേശം 18 ശതമാനമാണ് മന്ത്രികൂട്ടുകാരിയുടെ പേരിലുള്ളത്. റ്റീം കൊച്ചിയുടെ ഓഹരി വിഹിതം വെളിപ്പെടുത്തിയ മോഡിക്ക് വ്യക്തിപരമായ അജന്‍ഡയുണ്ടെന്ന് തിരിച്ചടിക്കാന്‍ ശശീജി മറന്നില്ല. ബിഡ്ഡിങ്ങില്‍ സാക്ഷാല്‍ മുട്ടാള്‍ മോഡിയുടെ അഹമ്മദാബാദിനു വേണ്ടി പക്ഷം പിടിച്ച പയ്യന്‍ മോഡി കേരളത്തിന് റ്റീം കിട്ടുന്നതിന് എതിരായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും ബഹുമാന്യനായ മുന്‍ ഐക്യരഷ്ട്ര സഭ അണ്ടര്‍ സെക്രട്ടറി പുറത്തു വിട്ടു. വാര്‍ത്ത കേട്ട് രാജ്യം കുലുങ്ങി. പക്ഷേ എന്നിട്ടുമടങ്ങുന്നില്ല ചില കന്നാലികളുടെ കലി. മോഡി പയ്യനാണ്, അവന്‍ കളിക്കട്ടെ; പക്ഷേ, വിദേശകാര്യ സഹമന്ത്രിക്കിതിലെന്തു കാര്യം എന്നാണ് ഇവന്മാരുടെ ചോദ്യം? റെന്‍ഡെവ്യൂ കണ്‍സോര്‍ഷ്യത്തിനു ബിഡ് കിട്ടാന്‍ വേണ്ടി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒന്നു കളിച്ചു നോക്കിയതിനു കിട്ടിയ പ്രതിഫലമാണ് സുനന്ദാജിയുടെ പേരില്‍ പോന്ന ഓഹരികള്‍ എന്നു വരെ എഴുതി പിടിപ്പിക്കുന്നുണ്ട് ദോഷൈദൃക്കുകളായ ശ്മശ്രുക്കള്‍.

ഹല്ലേ ഇതെന്തൊരു പുകില്? താന്‍ മൂന്നാമതും കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഭാര്യയായേക്കാവുന്ന ഒരു സ്ത്രീവേഷത്തിനു ചില്ലറ ഫ്രീ ഷെയര്‍ ഒരു ക്രിക്കറ്റ് റ്റീമില്‍ കിട്ടിയതിന് താനെന്തു പിഴച്ചു എന്നാണ് അണ്ണന്റെ നിലപാട്. അതിന്റെ പേരില്‍ ശശി തരൂര്‍ രാജി വയ്ക്കണമെന്നൊക്കെ വിളീച്ചു കൂവുന്നവര്‍ വെറും വികസനവിരോധികള്‍. അല്ലെങ്കില്‍, ക്രിക്കറ്റ് വിരോധികള്‍. അതുമല്ലെങ്കില്‍ കേരളാവിരോധികള്‍. ഈ അത്താഴം മുടക്കികളെ എങ്ങിനെ നേരിടണമെന്നൊക്കെ അറിയാനുള്ള രാഷ്ട്രീയ പരിചയമായിട്ടുണ്ട് നയതന്ത്രജ്ഞന്. ഇതിന്റെ പേരില്‍ രാഷ്ട്രീജീവിതമവസാനിപ്പിച്ച് പോകാനായിരുന്നെങ്കില്‍ അമേരിക്കാവില്‍ നിന്നും കച്ചയും കെട്ടി തിരോന്തരം വരെ വരേണ്ടതുണ്ടായിരുന്നോ? കാര്യങ്ങളെല്ലാം മനമോഹനനറിയാം. നല്ല വെടിപ്പുള്ള ഇംഗ്രീസില്‍ വാര്‍ത്താകുറിപ്പുമിറക്കിയിട്ടുണ്ട്. കാംഗ്രസില്‍ നില്‍ക്കുന്നിടത്തോളം കാലം അതു തന്നെ ധാരാളം. ആരോപണങ്ങളെ കാറ്റില്‍ പറത്തി അഗ്നിശുദ്ധി വരുത്തി നില്‍ക്കുന്ന ജനനായകന്റെ പേരില്‍ തിരോന്തരത്തിന് ഒരു നൂറ്റാണ്ടു കാലത്തേക്കെങ്കിലും അഭിമാനിക്കാം. വാടാക്കരളും പെരുകയ്യും കൊണ്ട കുലപതി. എംപിയായി ഒരു കൊല്ലത്തിനുള്ളില്‍ ഇത്രയൊക്കെ ഒപ്പിക്കാനായില്ലെ. ഇനിയും നാലു വര്‍ഷം കിടക്കുകയല്ലെ. സച്ചിനല്ലെ പോയുള്ളൂ… ടെന്‍ഡുല്‍ക്കര്‍ ഇനിയും കെടക്കുന്നു…

വാല്‍ക്കഷണം: ശശി തരൂര്‍ മൂന്നാമതും ഒരു നേരമ്പോക്കിനു തുനിയുന്നതില്‍ സദാചാരക്കുറവ് ആരോപിച്ച് കേരളത്തിലെ ഇടതുപക്ഷസദാചാര പൊലീസാണ് തരൂരിനെ ആക്രമിക്കുന്നതെന്ന് കറിയാച്ചനോ, തിരോന്തരത്തെ ച്ചീച്ചീചേച്ചിമാരോ മറ്റു ഉത്തരാധുനിക വിപ്ലവകാരികളോ എഴുതി പോയാല്‍ ആരും നാളെ ഞെട്ടരുത്

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

One Response to ദ ഗ്രേറ്റ് ഇന്റര്‍നാഷനല്‍ ശശി

  1. Pingback: ആനുകാലികം « ISLAM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s