ഒമാന്നും സൌദി അറേബ്യക്കുമിടയില്‍ അറേബ്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റത്ത് തെക്കു പടിഞ്ഞാറന്‍ ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് യമന്‍. ഏദന്‍ ഗള്‍ഫ് മുഖേന ഇന്ത്യന്‍ മഹാ സമുദ്രത്തിലേക്ക് ചെങ്കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന ബാബുല്മന്ദിബിന്റെ പ്രവേശന കവാടമാണ് യമന്‍. ലോകത്തെ പ്രധാനപ്പെട്ട കപ്പല്ചാലുകളിലൊന്നാണിത്. 528000 ചതുരശ്ര കിലോമീറ്ററാണ് യമന്റെ വിസ്തീര്‍ണ്ണം. വടക്ക് സൌദി അറേബ്യയും കിഴക്ക് ഒമാനുമാണ് അതിര് രാജ്യങ്ങള്‍. ജനസംഖ്യയുടെ 50-55% സുന്നികളും 42-47% ശിയാക്കളുമാണ്.
പ്രവാചക വചനം
“യമനികള്‍ നിങ്ങളുടെ അടുക്കല്‍ വരും അവര്‍ ഹൃദയശുദ്ധിയുള്ളവരും ലോല മനസ്കരുമാണ്. വിശ്വാസവും വിജ്ഞാനവും യമാനിയ്യാണ്.” നബി(സ്വ)യെ തൊട്ട് അബൂ ഹുറയ്റ(റ) നിവേദനം ചെയ്യുന്ന ഈ ഹദീസിലെ യമാനിയ്യ എന്ന പദത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് ഹദീസ് വ്യാഖ്യാതാക്കള്‍ ഭിന്നാഭിപ്രായക്കാരാണ്. പ്രബലാഭിപ്രായം നബി(സ്വ) ഉദ്ദേശിച്ചത് യമനികളെയായിരുന്നുവെന്നതാണ്. വിശ്വാസ പൂര്‍ണ്ണത കൊണ്ടാണ് ഈമാനെ ഇവരിലേക്ക് ചേര്ത്തിപ്പറഞ്ഞതെന്ന് ഹദീസ് പണ്ഡിത•ാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇസ്ലാമിന്റെ പ്രാരംഭദശയില്‍ തന്നെ മതമുള്ക്കൊള്ളാന് തയ്യാറെടുത്തവരായിരുന്നു യമനികള്‍.
യമനില്‍ പ്രവാചകരുടെ കാലത്തുതന്നെ ഇസ്ലാമെത്തിയിട്ടുണ്ട്. നാലാം ഖലീഫ അലി(റ) വില്‍ നിന്നാണ് യമനികള്‍ ഇസ്ലാം പഠിച്ചത്. സ്വഹാബത്തേല്പ്പിച്ച വിശ്വാസത്തിന്റെ ദീപശിഖ ലോകജനതയുടെ മതബോധങ്ങളില്‍ സ്ഥാപിക്കുകയും അണയാതെ സൂക്ഷിക്കുകയും ചെയ്യാന്‍ അവര്‍ സ്വയം പ്രകാശിക്കുകയായിരുന്നു. ഇസ്ലാമിന്റെ വ്യാപനത്തിനായി നാടും വീടും വിട്ട് ലോകം മുഴുവന്‍ യാത്ര ചെയ്ത യമനികള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ സുവിശേഷകരായിത്തീര്ന്നുവെന്നത് ചരിത്രനിയോഗവും പ്രവാചക വചനത്തിന്റെ പുലര്‍ച്ചയുമാണ്.
കേരളത്തിന്റെ സാംസ്കാരിക വൈജ്ഞാനിക മണ്ഡലങ്ങള്‍ വായനക്കെടുക്കുമ്പോള്‍ ചരിത്രത്താളുകള്‍ കടല്‍ കടക്കുന്നു. അറബിക്കടലിന്റെ അലയൊലികള്‍ ഭേദിച്ച് യമനില്‍ നിന്നും അറിവിന്റെ നൌകകള്‍ സംസ്കാരവും പേറി കേരള തീരത്തണയുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രം അറബിയും മലയാളവും തമ്മിലുള്ള ആദാനപ്രദാനങ്ങളുടെ അടരും നിറവുമാണ്.
സംസ്കാരം പകര്‍ന്ന സയ്യിദുകള്‍
കൊളോണിയല്‍ കാലത്തെ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയാന്തരീക്ഷങ്ങള്‍ രൂപപ്പെടുത്തിയത് യമന്‍, ഹളര്‍മൌത്ത്, ബുഖാറ തുടങ്ങിയ ദേശങ്ങളില്‍ നിന്ന് ഇവിടെയെത്തിയ സയ്യിദ് കുടുംബങ്ങളും ഉലമാക്കളുമായിരുന്നു. കേരള മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ പ്രവാചകര്‍(സ്വ)യുടെ പിന്തലമുറ എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്. അഹ്ലുബൈത്തിന്റെ എഴുപത്തഞ്ചു ഖബീലകളുള്ളതില് ഇരുപതും കേരളത്തിലെത്തിയതായി ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു. ബുഖാരി, ബാ അലവി, ജിഫ്രി തുടങ്ങിയ ഖബീലകള്‍ പ്രസിദ്ധമാണ്. ഇവരില്‍ ഭൂരിഭാഗവും യമനില്‍ നിന്നോ ബുഖാറയില്‍ നിന്നോ വന്നവരാണ്.
ഇസ്ലാമിക മതഘടനയുടെയും പ്രാദേശിക മാപ്പിള സാംസ്കൃതിയുടെയും സമ്മിശ്രാവസ്ഥയിലാണ് യമനിലെ ഹളര്മൌത്തില് നിന്നെത്തിയ ജിഫ്രി തങ്ങ•ാര്‍ മലബാറില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ശൈഖ് സയ്യിദ് ജിഫ്രി ഹിജ്റ 1159-ല്‍ കോഴിക്കോട്ടെത്തി. മത പണ്ഡിതനും പ്രബോധകനുമായിരുന്ന അദ്ദേഹത്തെ സാമൂതിരി രാജാവ് ഊഷ്മളമായി സ്വീകരിക്കുകയും കോഴിക്കോട്ട് താമസ സൌകര്യം നല്‍കുകയും ചെയ്തു. ടിപ്പു സുല്‍ത്താന്‍ കോഴിക്കോടു വഴി യാത്ര ചെയ്യുമ്പോഴൊക്കെ ശൈഖ് ജിഫ്രിയെ സന്ദര്‍ശിച്ച് ദുആ ചെയ്യാന്‍ പറയാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനായിരുന്ന സയ്യിദ് ഹസന് ജിഫ്രി 1168-ലാണ് കോഴിക്കോട്ടെത്തിയത്. കേരളത്തിലെ പ്രസിദ്ധ പണ്ഡിതന്മാരില് നിന്നും ഇല്മ് പഠിച്ച അദ്ദേഹത്തിന് പ്രസിദ്ധ പണ്ഡിതനായ കമ്മുമുല്ല തന്റെ മകളെ വിവാഹം ചെയ്തു കൊടുത്തു. 1180-ല്‍ വഫാതായ ഹസന് ജിഫ്രി മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇവരുടെ സഹോദരിയുടെ മകനായ സയ്യിദ് അലവി(മമ്പുറം) ഹി.1183-ല്‍ കോഴിക്കോട്ടെത്തി. പതിനേഴാം വയസ്സില്‍ അറേബ്യയില്‍ നിന്ന് മലബാറിലെത്തിയ അദ്ദേഹം അമ്മാവന് ഹസന് ജിഫ്രിയോടൊപ്പം മമ്പുറത്ത് താമസമാക്കുകയും അമ്മാവന്റെ മകള്‍ സയ്യിദതു ഫാത്വിമയെ നികാഹ് ചെയ്യുകയും ചെയ്തു.ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിലും സാംസ്കാരിക നവോത്ഥാനത്തിലും തങ്കലിപിയില്‍ കുറിച്ചിടേണ്ട നാമമാണ് അദ്ദേഹത്തിന്റേത്. ഹി.1260-ല്‍ വഫാതായ തങ്ങള്‍ തന്റെ അമ്മാവന് ഹസന് ജിഫ്രിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
അലവി തങ്ങള്‍ക്കു ശേഷം മകന് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ സാമുദായിക നേതൃത്വം ഏറ്റെടുത്തു. നിരവധി ഗ്രന്ഥങ്ങളെഴുതിയ അദ്ദേഹത്തെ മലബാറിലെ സാമാന്യജനത മനസ്സിലാക്കുന്നത് സാമൂഹികമായ വിപ്ളവബോധത്തെ വഴിതിരിച്ചുവിട്ട സമരനായകനായിട്ടാണ്. പിതാവിന്റെ കാല്പാടുകള് പിന്തുടര്ന്ന് സാമൂഹിക സേവനത്തിനു തന്റെ ജീവിതം ഉഴിഞ്ഞു വെച്ചു. ബ്രിട്ടീഷ് വിരോധിയായിരുന്ന ഇദ്ദേഹത്തെ നാടു കടത്താന്‍ ശ്രമമുണ്ടായപ്പോള്‍ കാര്യങ്ങള്‍ ഗ്രഹിച്ച തങ്ങള്‍ അറേബ്യയിലേക്ക് പോവുകയായിരുന്നു. യമന്‍ ഗവര്‍ണര്‍, തുര്‍ക്കീ ഖലീഫയുടെ ഉപദേഷ്ടാവ് എന്നീ പദവികള്‍ അലങ്കരിച്ച ശേഷം 1318-ല്‍ കോന്സ്റാന്റിനോപ്പിളില് വെച്ച് വഫാതായി.
യമനില്‍ നിന്നും കേരളത്തിലെത്തിയ മറ്റൊരു ഖബീലയാണ് ശിഹാബ്. ഹളര്മൌത്തില് ജനിച്ച സയ്യിദ് അലി ശിഹാബുദ്ദീന് ഇസ്ലാം മത പ്രബോധനാര്‍ത്ഥം വളപ്പട്ടണത്തെത്തിപ്പെടുകയും അവിടുത്തെ മുസ്ലിംകള് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലം മതപ്രബോധനത്തില്‍ മുഴുകിയ ഇദ്ദേഹം ഹി.1212-ല്‍ വഫാതായി. അദ്ദേഹത്തിന്റെ മകന് സയ്യിദ് ഹുസൈന് ശിഹാബുദ്ദീന് പിതാവിനോടൊപ്പം വളപട്ടണത്തെത്തി. കണ്ണൂര്‍ അറക്കല്‍ കുടുംബത്തിലെ ഖദീജയെ വിവാഹം ചെയ്തു. പിന്നീട് കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് മാറിത്താമസിച്ചു. ക്രി.1819-ല്‍ തങ്ങള്‍ മരണമടഞ്ഞു. ഇടിയങ്ങര മസ്ജിദിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ പെട്ടവരാണ് പാണക്കാട് തങ്ങന്മാരുടെ വല്ല്യുപ്പയായ സയ്യിദ് ഹുസൈന് ആറ്റക്കോയ തങ്ങള്‍. പ്രഗത്ഭ പണ്ഡിതനും മുഫ്തിയുമായിരുന്ന തങ്ങള്‍ ഭിഷഗ്വരന്, സ്വാതന്ത്യ്രസമര സേനാനി എന്നീ നിലകളില്‍ കീര്‍ത്തിയാര്‍ജ്ജിച്ചു. തികഞ്ഞ ബ്രിട്ടീഷ് വിരോധിയായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം തമിഴ്നാട്ടിലെ വേലൂരിലേക്ക് നാടുകടത്തുകയും അവിടെ വെച്ച് വഫാതാവുകയും ചെയ്തു. കൊളോണിയല്‍ കാലത്ത് ഇവിടെയെത്തിയ സയ്യിദുമാര്‍ ആത്മീയ നേതൃത്വം മാത്രമായിരുന്നില്ല നല്കിയിരുന്നത,് രാഷ്ട്രീയനേതൃത്വം കൂടിയായിരുന്നു. ഇന്നും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് ഇവരുടെ പിന്തലമുറ തന്നെയാണ്. പി എം എസ് എ പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും ഈ പരമ്പരയില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരാണ്.
പണ്ഡിത പാരമ്പര്യം
യമനീ പാരമ്പര്യമുള്ള പണ്ഡിതരാണ് കേരളമുസ്ലിംകളുടെ വിശ്വാസ വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയതും വൈജ്ഞാനിക വിപ്ളവത്തിനു തിരി കൊളുത്തിയതും. ഹിജ്റ ആറാം നൂറ്റാണ്ടില്‍ ദക്ഷിണ യമനില്‍(മഅ്ബര്‍) നിന്ന് ഇന്ത്യയിലേക്ക് വന്ന മഖ്ദൂം കുടുംബം തമിഴ്നാട്ടില്‍ താമസമാക്കി. തങ്ങളെത്തിച്ചേര്‍ന്ന സ്ഥലത്തിന് ഇവര്‍ മഅ്ബര്‍ എന്ന് പേരിട്ടു. മഖ്ദൂം പരമ്പരയില്‍ പെട്ട ശൈഖ് അഹ്മദ് അല്‍ മഅ്ബരി കൊച്ചിയിലെത്തുകയും അവിടുത്തെ ഇസ്ലാമിക ചലനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പിതാവായ അലിയ്യുല്‍ മഅ്ബരിയും അദ്ദേഹത്തിന്റെ സഹോദരന് സയ്യിദ് ഇബ്രാഹീം അല്‍ മഅ്ബരിയും അഹ്മദ് അല്‍ മഅ്ബരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ചകളായി. ഇങ്ങനെ കൊച്ചി ഒരു ഇസ്ലാമിക കേന്ദ്രമായിമാറി. തുടര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തന മണ്ഡലം അവര്‍ പൊന്നാനിയിലേക്ക് മാറ്റി.
ചരിത്രമെപ്പോഴുമോര്ക്കുന്ന പ്രമുഖരാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്, അദ്ദേഹത്തിന്റെ മകന് ശൈഖ് അബ്ദുല്‍ അസീസ് അല്‍ മഅ്ബരി, പേരമകന് ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്. കൊച്ചിയിലെ മഖ്ദൂമിയ ഭവനത്തിലാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന് ജനിച്ചത്. കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസും കവിയും സൂഫിയുമായിരുന്ന അദ്ദേഹം തന്റെ ജ്ഞാനാന്വേഷണ യാത്രകള്‍ക്കു ശേഷം കേരളത്തില്‍ തിരിച്ചെത്തി സ്ഥാപിച്ചതാണ് പൊന്നാനി ദര്‍സ്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന് ഒന്നാമന്റെ വൈജ്ഞാനിക പാരമ്പര്യം പിന്തുടര്ന്നു.
ഇന്ന് കേരളത്തിന്റെ ആത്മീയ വൈജ്ഞാനിക തലങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന പണ്ഡിത വൃന്ദത്തിന്റെയെല്ലാം ഗുരു ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെഓടക്കല് തറവാട് ഈ മഖ്ദൂമീ കുടുംബ പരമ്പരയിലാണ്.
പൊന്നാനി പോലെത്തന്നെ മതനവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു കോഴിക്കോട്. കോഴിക്കോട്ടെ ഖാസി കുടുംബത്തിന് കേരള മുസ്ലിം വൈജ്ഞാനിക സാംസ്കാരിക ചരിത്രത്തില്‍ മായ്ക്കപ്പെടാത്തൊരിടമുണ്ട്. ഖാസി പരമ്പര മുഹമ്മദുബ്ന് മാലിക് അല്‍ അന്സാരിയിലേക്കാണ് ചെന്നെത്തുന്നത്. കോഴിക്കോട്ടെ ഖാസിമാരില്‍ പ്രമുഖരാണ് ഖാസി അബൂബക്കറുബ്ന് ശൈഖ് റമളാന്‍ ശാലിയാത്തി, ഖാസി അബ്ദുല്‍ അസീസിന്റെ മകന് ഖാസി മുഹമ്മദ് എന്നിവര്‍.
കേരളത്തിലെ ഇസ്ലാമിക പാരമ്പര്യത്തിന്റെ യമനീ വേരുകളന്വേഷിക്കുമ്പോള്‍ ധാരാളം സാദാത്തുക്കളുടെയും ഉലമാക്കളുടെയും കുടുംബ പരമ്പര യമനില്‍ എത്തിച്ചേരുന്നത് കാണാം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ബാഅലവി ഖബീലയിലെ അഹ്മദ് ബാഅലവിയുടെ മകനാണ്. ഇദ്ദേഹത്തിനു ശേഷം പ്രസിഡന്റായ പാങ്ങില്‍ എ പി അഹമ്മദ് കുട്ടി മുസ്ലിയാരുടെ പിതാവ് മാലിക് ബ്നു ഹബീബില്‍ അന്‍സാരിയുടെ കുടുംബത്തിലെ അംഗമാണ്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, ഇ.കെ ഹസന് മുസ്ലിയാര് എന്നിവരുടെ കുടുംബവും യമനില്‍ ചെന്നെത്തുന്നു. ചുരുക്കത്തില്‍ കേരള മുസ്ലിംകളുടെ മതവും സംസ്കാരവും രാഷ്ട്രീയവും വിജ്ഞാനവുമെല്ലാം യമാനിയ്യാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. യമനില്‍ നിന്നുമെത്തിയ സയ്യിദുകളും ഉലമാക്കളും കേരളത്തിന്റെ ആത്മീയ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ വലിയ സേവനങ്ങളാണ് ചെയ്തിട്ടുള്ളത്.
ആത്മീയത
മലബാറില്‍ ഇസ്ലാമിനു മുമ്പുണ്ടായിരുന്ന മാപ്പിളമാരാണ് ആദ്യമായി ഇസ്ലാം സ്വീകരിച്ചത്. ബ്രാഹ്മണിക് പ്രത്യയശാസ്ത്രവും, നാട്ടുടയവരും നാടുവാഴികളും രാഷ്ട്രീയ കാലാവസ്ഥയും സൃഷ്ടിച്ച ശൂദ്രതയില്‍ നിന്ന് സ്വരക്ഷക്കു വേണ്ടി കേരള സമൂഹം ഇസ്ലാം സ്വീകരിച്ചു തുടങ്ങി. കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ മാലിക് ബ്നു ദീനാറും സംഘവും പള്ളികള്‍ പണിയുകയും സമൂഹത്തിന്റെ ആത്മീയാഭയവും സാംസ്കാരിക വൈജ്ഞാനിക കേന്ദ്രങ്ങളുമാവുകയും ചെയ്തതോടെ ഒരു ജനതയുടെ ആത്മാവു രൂപപ്പെടുകയായിരുന്നു.
വിശ്വാസം യമാനിയ്യാണെന്ന പ്രവാചക വചനം അന്വര്‍ത്ഥമാക്കുന്ന രൂപത്തില്‍ സ്വഹാബയില്‍ നിന്നു നേരിട്ടു സ്വീകരിച്ച അഹ്ലുസ്സുന്നയുടെ ആദര്‍ശബോധം അതേ രൂപത്തില്‍ തങ്ങളുടെ പ്രബോധിതര്‍ക്കു പഠിപ്പിക്കുകയെന്നതായിരുന്നു അവരുടെ ജീവിത ലക്ഷ്യം. ശൈഖ് ജിഫ്രിയും ശൈഖ് മുഹമ്മദ് ഷായും തമ്മിലുണ്ടായ ആശയസംവാദം പ്രസക്തമാകുന്നതിവിടെയാണ്. “ശൈഖ് ജിഫ്രി മലബാറില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് ബോംബെയിലെ കല്യാണില്‍ നിന്ന് ശൈഖ് മുഹമ്മദ് ഷാ കൊണ്ടോട്ടിയിലെത്തിയത്. പാരമ്പര്യമുസ്ലിം വിശ്വാസത്തിന് വിരുദ്ധമായ അദ്ദേഹത്തിന്റെ മതവീക്ഷണങ്ങളെ ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി ശൈഖ് ജിഫ്രി ഇര്ശാദാതുല് ജിഫ്രിയ്യ എന്ന ഗ്രന്ഥമെഴുതി. യമനിന്റെ വിശ്വാസ വീക്ഷണങ്ങള്‍ പാരമ്പര്യത്തനിമയോടെ അവതരിപ്പിക്കുന്നതില്‍ ശൈഖ് ജിഫ്രി നിര്‍ബന്ധ ബുദ്ധി കാണിച്ചു.
കേരള ജനതക്ക് വിലായത്തിന്റെ വഴി കാട്ടിയതും ഈ സയ്യിദുകള്‍ തന്നെയായിരുന്നു. ഇസ്ലാമിന്റെ സ്നേഹവും സഹിഷ്ണുതയും അവര്‍ കേരളത്തിനു കാണിച്ചുകൊടുത്തു. അന്യര്‍ക്ക് അഭയവും അശരണരുടെ കണ്ണീരര്ഥനകള്ക്ക് അത്താണിയുമായി അവര്‍ സ്വയം മാറി.അയിത്തമില്ലാത്ത വിശ്വാസത്തിന്റെ ഐക്യദാര്‍ഢ്യം സാമൂഹിക സങ്കല്പങ്ങളില് അവര്‍ അരക്കിട്ടുറപ്പിച്ചു. സ്വന്തക്കാര്‍ക്കിടയില്‍ നിന്ന് അറപ്പും വെറുപ്പുമേറ്റവര്ക്ക് ആത്മ വിശ്വാസത്തിന്റെ അന്നം നല്കി. “ഔലിയാക്കളില്‍ പ്രസിദ്ധനും പണ്ഡിതപ്രമുഖനുമായിരുന്ന മമ്പുറം തങ്ങള്‍ ഖുത്വുബുസ്സമാന്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടത്. പ്രവാചകരുടെ മകള്‍ ഫാത്വിമ ബീവിയുടെയും അലി(റ) വിന്റെയും പരമ്പരയില്‍ പെട്ട താരിം അലവിമാരുടെ സന്താനപരമ്പരയില്‍ പെട്ടവരായതു കൊണ്ട് മലബാറില്‍ അന്ന് മറ്റാര്‍ക്കും ലഭിക്കാത്ത മതസ്വാധീന ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.
രാഷ്ട്രീയം
അറേബ്യയില്‍ നിന്നെത്തിയ പ്രബോധകരെല്ലാം ആത്മജ്ഞാനികളായ നേതാക്കളായിരുന്നതു കൊണ്ടു തന്നെ അവര്‍ക്ക് ഭരണനേതൃത്വത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞു. കൊടുങ്ങല്ലൂരിലും മാടായിയിലും കോഴിക്കോട്, വളപട്ടണം തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള തുറമുഖ പ്രദേശങ്ങളിലും പള്ളികള്‍ പണിയാന്‍ കരമൊഴിവായ ഭൂമിയും നിര്‍മാണത്തിനാവശ്യമായ ചെലവും തദ്ദേശീയ രാഷ്ട്രീയ നേതൃത്വം നല്കി.
“മാപ്പിള മുസ്ലിംകള്ക്കിടയില് ബ്രിട്ടീഷ് വിരുദ്ധ വികാരം വളര്‍ത്തിയെടുക്കുന്നതില്‍ അലവി തങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സൈഫുല്‍ ബത്താര്‍ എന്ന കൃതിയില്‍ ബ്രിട്ടീഷുകാരോടുള്ള തങ്ങളുടെ രോഷം ആളിക്കത്തുന്നുണ്ട്. 1801ലെയും 1817ലെയും മാപ്പിള പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് സംശയിച്ച ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റു ചെയ്യാന്‍ ശ്രമിച്ചെങ്കിലും കലാപമുണ്ടാകുമോ എന്ന് ഭയന്ന് പിന്‍വാങ്ങുകയായിരുന്നു.’ മകന് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അറിയപ്പെട്ടതും സമരനായകനായിട്ടാണ്. “മലബാറിലെ മുസല്‍മാന്റെ മതബോധവും രാഷ്ട്രീയ ഐക്യവും രൂപപ്പെടുത്തുന്നതില്‍ മമ്പുറം തങ്ങ•ാര്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്.’ വിശ്വാസവും വിജ്ഞാനവും ജനതയുടെ ആത്മാവിലേക്ക് പകര്‍ന്നു കൊണ്ട് തങ്ങളുടെ ആത്മീയ പാരമ്പര്യവും പിന്തുടര്ച്ചയും അവര്‍ ഇവിടെ നിര്‍മിച്ചെടുക്കുകയായിരുന്നു.
വൈജ്ഞാനിക വിപ്ളവത്തിനപ്പുറം പോര്‍ച്ചുഗീസ് അധിനിവേശത്തോട് സായുധ സമരം ചെയ്യാനും യമനീ ഉലമ തന്നെയാണ് സമൂഹത്തെ സജ്ജമാക്കിയത്. പോര്‍ച്ചുഗീസുകാരുടെ അധിനിവേശാക്രമണങ്ങള്ക്കെതിരെ മുസ്ലിം ജനസാമാന്യത്തെ ജിഹാദിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മഖ്ദൂം ഒന്നാമന് രംഗത്തു വന്നു. തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സ്വുല്‍ബാന്‍ എന്ന സമരകാവ്യം രചിച്ച് അദ്ദേഹം വിപ്ളവത്തിന് തീ പകര്‍ന്നു. മഖ്ദൂം രണ്ടാമന്റെ, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിന്‍ എന്നീ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ മൂശയില്‍ വാര്‍ന്നു വീണ ചരിത്രമാണ്.
വൈജ്ഞാനികം
കേരളത്തിന്റെ വൈജ്ഞാനിക വിപ്ളവത്തിന് നായകത്വം നല്കിയവര് യമനീ പാരമ്പര്യമുള്ള ഉലമാക്കളായിരുന്നു. കേരളത്തിലെത്തിയ ഇവര്‍ വര്‍ണ്ണ-ജാതി സങ്കല്‍പ്പങ്ങള്‍ പ്രതിലോമകരമാണെന്ന് ജീവിച്ചു തെളിയിച്ചു. ഈ ഉലമാ മാതൃകയായിരുന്നു കേരളത്തില്‍ ഇസ്ലാമിക പ്രബോധനത്തിനു അസ്തിവാരമിട്ടത്. തദ്ദേശീയരില്‍ നിന്ന് ഇസ്ലാം സ്വീകരിച്ചവര്‍ക്ക് വിശുദ്ധ വേദവും ഇസ്ലാമികാദ്ധ്യാപനങ്ങളും പകര്‍ന്നു കൊടുക്കാന്‍ കാലഘട്ടത്തിനാവശ്യമായ ബോധന സംവിധാനങ്ങളും രീതിശാസ്ത്രങ്ങളും അവര്‍ രൂപപ്പെടുത്തി. കൊളോണിയലിസം അതിന്റെ ലോകവീക്ഷണം പ്രചരിപ്പിക്കുന്നതിന് വിദ്യാഭ്യാസത്തെയാണ് ആയുധമാക്കിയതെങ്കില്‍ കേരളത്തില്‍ പ്രതിവ്യവഹാരത്തിന്റെ വൈജ്ഞാനിക തലം സൃഷ്ടിച്ചു കൊണ്ടാണ് പൊന്നാനി മഖ്ദൂമുമാര്‍ സമൂഹത്തിലിടപെട്ടത്. മുസ്ലിം വിദ്യാഭ്യാസത്തിനു വ്യവസ്ഥാപിത രീതിശാസ്ത്രം രൂപപ്പെടുത്തി പാശ്ചാത്യ ബോധന സംവിധാനങ്ങള്‍ക്ക് അവര്‍ പൊന്നാനി പള്ളിയില്‍ ബദല്‍ നിര്‍മിച്ചു. തദ്ദേശീയരെ കൊളോണിയല്‍ അധിനിവേശ ശക്തികളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുവാനായിരുന്നു കൊളോണിയല്‍ മിഷണറികളുടെ പാഠശാലകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ അധിനിവേശം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നവവ്യവഹാരത്തിനെതിരെ മുസ്ലിം ധൈഷണിക രംഗത്തെ വിയോജിപ്പിന്റെ ആദ്യാക്ഷരങ്ങളാണ് മഖ്ദൂമുമാര്‍ ഇവിടെ പഠിപ്പിച്ചത്.
സാഹിത്യം
വൈജ്ഞാനികവും വൈകാരികവുമായ ആവിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥരചനയിലും ഇതേ പാരമ്പര്യത്തിലുള്ള പണ്ഡിതന്മാര് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്
മുര്‍ശിദുത്വുല്ലാബ് ഇലാ കരീമില്‍ വഹ്ഹാബ്, സിറാജുല്‍ ഖുലൂബ് വ ഇലാജു ദ്ദുനൂബ്, തുഹ്ഫതുല്‍ അഹിബ്ബാഅ് വഹിര്ഫതുല് അലിബ്ബാഅ്, ഇര്‍ശാദുല്‍ ഖാസ്വിദീന്‍ ഫിഖ്തിസ്വാരി മിന്ഹാജില് ആബിദീന്‍, ശുഅബുല്‍ ഈമാന്‍, കിതാബു സ്വഫാഇ മിനശ്ശിഫാഅ്, തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്സ്വുല്ബാന്, ഹിദായതുല്‍ അദ്കിയാഅ് ഇലാ ത്വരീഖത്തില്‍ ഔലിയാഅ് തുടങ്ങിയവ മഖ്ദൂം ഒന്നാമന്റെ രചനകളാണ്. മഖ്ദൂം രണ്ടാമന്റെ കര്‍മ്മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ കേരളത്തിലെ ശരീഅത്തു കോളേജുകളിലെ മാത്രമല്ല ഈജിപ്തിലെ ജാമിഉല്‍ അസ്ഹറിലെയും പാഠ്യഗ്രന്ഥമായി മാറിയെന്നത് അദ്ദേഹത്തിന്റെ രചനാ ധര്‍മ്മത്തിന്റെ ദര്‍ശനം മാത്രമാണ്.
അദ്ദുര്‍റത്തുല്‍ ഫസ്വീഹ ഫീ വഅളി വന്നസ്വീഹ, ഫത്ഹുല്‍ മുബീന്, മന്ളുമതുന് ഫീ ഇല്മില് അഫ്ലാക്കി വന്നുജൂം, മന്ഹളുമതു ഫീ ഇല്മില് ഹിസാബ് തുടങ്ങിയവ ഖാസി മുഹമ്മദിന്റെ രചനകളില്‍ പ്രധാനപ്പെട്ടവയാണ്. തന്റെ ഏറ്റവും അവസാനത്തെ കൃതിയെന്ന് പറയപ്പെടുന്ന മുഹ്യുദ്ദീന്‍ മാല ഇന്നും കേരളത്തിന്റെ സാഹിത്യ സദസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം വിശകലനം ചെയ്യുമ്പോള്‍ മുസ്ലിം പക്ഷത്തു നിന്ന് കൈരളിക്ക് ലഭിച്ച അറബി മലയാള കൃതികളും അറബീ ഭാഷാ കൃതികളും അവഗണിക്കപ്പെടരുത്. കേവലം ഒരു സര്‍ഗ്ഗക്രിയ എന്നതിലുപരി മുസ്ലിം സ്വത്വ രൂപീകരണത്തിനും സമുദായ സൃഷ്ടിപ്പിനും ഗണ്യമായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട് അവ. മാലപ്പാട്ടുകളും മൌലിദുകളും റാത്തീബുകളുമൊക്കെ ഇവയുടെ രൂപഭേദങ്ങളായിരുന്നു. അറബിയില്‍ ഗ്രന്ഥ രചന നടത്തിയ ഖാസി മുഹമ്മദ് സമൂഹത്തിന്റെ സാംസ്കാരികച്ചുവയുള്ള ഭാഷയില്‍ മുഹ്യിദ്ദീന് മാല രചിക്കുമ്പോള്‍ സാഹിത്യ തലങ്ങളില്‍ സാംസ്കാരികപ്പകര്ച്ചയുടെ സ്വാധീനമെത്രയെന്ന് വ്യക്തമാണ്