രണ്ട് സമ്മേളനങ്ങളും സീ ദാവൂദിന്‍റെ നിരീക്ഷണവും

ഇവയില്‍ ഏറ്റവും വലിയ രണ്ട് സമ്മേളനങ്ങളായിരുന്നു കോട്ടക്കലില്‍ നടന്ന മുജാഹിദ് സ്റുഡന്റസ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന സമ്മേളനവും കാരന്തൂരില്‍ നടന്ന മര്‍കസ് 15-ാംസനദ് ദാന സമ്മേളനവും. ഒരേ ദിവസങ്ങളിലായിരുന്നു രണ്ട് സമ്മേളനങ്ങളും. ആയിരക്കണക്കിന് ആളുകള്‍ രണ്ട് സമ്മേളനങ്ങളിലും പങ്കെടുത്തു; വിജയകരമായി സമാപിച്ചു.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗമാണ് എം.എസ്.എം. കേരള വിദ്യാര്‍ഥി സമ്മേളനമെന്നാണ് പേരിട്ടതെങ്കിലും നടന്നത് സമ്പൂര്‍ണ മുജാഹിദ് സമ്മേളനമാണ്. പത്രങ്ങളില്‍ അച്ചടിച്ചു വന്ന സമ്മേളന ഫോട്ടോകളില്‍ നരച്ച തലമുടിയും നിര്‍ബാധം താടിയുമുള്ള വൃദ്ധരാണ് വേദി നിറയെ. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ സ്റേജിന്റെ മുന്‍നിരയിലിരിക്കാന്‍ ഒരു വിദ്യാര്‍ഥി നേതാവുമില്ല. നന്നായി പരതി നോക്കിയാല്‍ വേദിയുടെ പിന്‍നിരയില്‍ എവിടെയെങ്കിലും കുറച്ച് വിദ്യാര്‍ഥി നേതാക്കളെ കാണാം.

മദ്റസകളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന സാഹിത്യ സമാജങ്ങള്‍ക്ക് ഒരു ‘വിഷയം’ തെരഞ്ഞെടുക്കുന്ന പതിവുണ്ട്. അച്ചടക്കവും വിദ്യാര്‍ഥികളും, മാതാപിതാക്കളോടുള്ള കടപ്പാടുകള്‍, വിദ്യാഭ്യാസത്തിന്റെ ആവശ്യകത… എന്നിങ്ങനെ. അതുപോലൊരു തലക്കെട്ടാണ് എം.എസ്.എം സമ്മേളനത്തിന്റെ കേന്ദ്രപ്രമേയം- ‘അറിവ് സമാധാനത്തിന്’. അറിവിനെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ ഉള്ള പുതിയ എന്തെങ്കിലും കാഴ്ചപ്പാടുകളോ ആശയങ്ങളോ സമ്മേളനത്തില്‍ അവതരിക്കപ്പെട്ടതുമില്ല. പതിവുപോലെ തീവ്രവാദം അപകടകരം, ഇസ്ലാമും തീവ്രവാദവുമായി യാതൊരു ബന്ധവുമില്ല, തീവ്രവാദികള്‍ മതം അറിയാത്തവര്‍ എന്നിങ്ങനെ തീവ്രവാദത്തെക്കുറിച്ചുള്ള ബാലവാടി സാഹിത്യങ്ങള്‍ ഏതാണ്ടെല്ലാ പ്രഭാഷകരും ആവര്‍ത്തിച്ചു. ഒരു നവോത്ഥാന വിദ്യാര്‍ഥി പ്രസ്ഥാനം എന്നുള്ള നിലക്ക് കാമ്പസിനെക്കുറിച്ച എന്തെങ്കിലും പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍, വിദ്യാര്‍ഥി രാഷ്ട്രീയത്തിന്/സംഘടനകള്‍ക്ക് എന്തെങ്കിലും ദിശ നിര്‍ണയിച്ചു നല്‍കാന്‍ സമ്മേളനം ശ്രദ്ധിച്ചതായി കണ്ടില്ല.

മുജാഹിദ് പ്രസ്ഥാനം, മുമ്പൊരു പ്രബോധനം ലേഖനത്തില്‍ ഈ ലേഖകന്‍ തന്നെ സൂചിപ്പിച്ചതു പോലെ, വെറുമൊരു സംഘടനയുടെ പേരല്ല. കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ ഉണര്‍വുകളുടെ, വികാസപരിമാണങ്ങളുടെ ഊര്‍ജമാണത്. വിശ്വാസപരവും കര്‍മപരവും ഭൌതികവും ആത്മീയവുമായ പിടച്ചിലുകളുടെ ചരിത്രമാണതിന്റേത്. അങ്ങനെയൊരു പ്രസ്ഥാനം -മുമ്പേ നടന്നൊരു സംഘം- ചേതനയറ്റ്, കീഴ്മേല്‍ മറിഞ്ഞ് നില്‍ക്കുന്നതിന്റെ കാഴ്ചയാണ് കോട്ടക്കല്‍ സമ്മേളനവും കാണിച്ചു തന്നത്. ഒരു പ്രസ്ഥാനം തലകീഴായി നില്‍ക്കുന്നതിന്റെ കാഴ്ചകള്‍. സമൂഹത്തിലേക്ക് പുതുതായി ഒന്നും പ്രസരിപ്പിക്കാനില്ലാതെ പഴയ പ്രസ്താവനകള്‍ വാചകഘടന പോലും മാറ്റാതെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് ഇന്ന് ആ പ്രസ്ഥാനം ചെയ്യുന്നത്.

പ്രമാണങ്ങളുടെ ഫയല്‍ക്കെട്ടുകള്‍ സൂക്ഷിച്ചു വെക്കാന്‍ ഒരു പ്രസ്ഥാനം ആവശ്യമില്ല; മികച്ച ഒരു ആര്‍ക്കൈവല്‍ മ്യൂസിയം മതി. പ്രമാണങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക്, കാല/ദേശങ്ങളിലേക്ക് ഊര്‍ജം പ്രവഹിപ്പിക്കുമ്പോഴാണ് പ്രസ്ഥാനം ജീവിച്ചിരിക്കുക. അല്ലാതിരിക്കുമ്പോള്‍ ആ പ്രസ്ഥാനം ജഡമാണ്. ജീവികള്‍ ജഡമായാല്‍ സംസ്കരിക്കാം. എന്നാല്‍ പ്രസ്ഥാനം ജഡമായാല്‍ അത് ജീര്‍ണിക്കുകയേ ഉള്ളൂ. ജീര്‍ണിച്ച ഒരു ജഡം സൃഷ്ടിക്കുന്ന പരിസ്ഥിതി/ആരോഗ്യ പ്രശ്നങ്ങള്‍ നമുക്കറിയാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അതു തന്നെയാണ്.

‘മതത്തെ അറിയുക; പ്രമാണങ്ങളിലൂടെ’ എന്നൊരു മുദ്രാവാക്യത്തില്‍ അടുത്തിടെ മുജാഹിദ് പ്രസ്ഥാനം ഒരു കാമ്പയിന്‍ നടത്തിയിരുന്നു. മതത്തെ കുറെ പ്രമാണങ്ങളുടെ കെട്ടുപുസ്തകമായി കാണുന്ന അങ്ങേയറ്റം പരിമിതമായ ഒരു സമീപനത്തില്‍ നിന്നാണ് ആ മുദ്രാവാക്യം ഉയര്‍ന്നുവരുന്നത്. അതിശക്തമായ പ്രമാണങ്ങളോടൊപ്പം ആ പ്രമാണങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് വിവിധ കാലദേശങ്ങളിലുണ്ടായിട്ടുള്ള ഇസ്ലാമിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്കാരങ്ങളുമുണ്ട്. വിവിധ കാലദേശങ്ങളില്‍ ചരിത്രത്തില്‍ അത് പ്രസരിപ്പിച്ച സാംസ്കാരികവും രാഷ്ട്രീയവും ആത്മീയവുമായ പ്രതിനിധാനങ്ങളുണ്ട്. ഇത്രയും ദീര്‍ഘവും സമ്പന്നവുമായ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞ് വെറുമൊരു ‘ക്ളാസിഫൈഡ് ഡോക്യുമെന്റ്’ മാത്രമാണ് ഇസ്ലാം എന്നു പറയുന്നത് എന്തുമാത്രം ചെറുതാണ്. പക്ഷേ, ഒരു പ്രസ്ഥാനം അങ്ങനെ കരുതുന്നുവെന്നു വന്നാല്‍ അത് ചരിത്രത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. അതിന്റെ നേര്‍ചിത്രമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ന് കാണിക്കുന്നത്.

കോട്ടക്കല്‍ മുജാഹിദ് സമ്മേളനത്തിന്റെ അതേ ദിവസങ്ങളില്‍ തന്നെയാണ് കോഴിക്കോട്ടെ കാരന്തൂരില്‍ മര്‍കസു സഖാഫത്തി സുന്നിയ്യയുടെ സമ്മേളനം നടന്നത്. ഒരു സ്ഥാപനത്തിന്റെ വാര്‍ഷികം എന്നതിലുപരി കാന്തപുരം ഗ്രൂപ്പ് സുന്നികളുടെ സമ്മേളനമാണത്. മുസ്ലിംകളിലെ ഏറ്റവും യാഥാസ്ഥിക, പിന്തിരിപ്പന്‍ ഗ്രൂപ്പ് എന്ന് ചിലരെങ്കിലും കാന്തപുരം സുന്നികളെ വിളിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ/മുസ്ലിം നവോഥാന സംരംഭങ്ങളുടെ എതിര്‍ പക്ഷത്ത് നിന്ന ചരിത്രമാണ് സുന്നികളുടേത്. യാഥാസ്ഥിതിക മനോഭാവങ്ങളോട് പടവെട്ടിയാണ് മുജാഹിദ് പ്രസ്ഥാനം വളര്‍ന്നത്. അത്തരം മനോഭാവങ്ങളെ സംരംക്ഷിച്ചു നിര്‍ത്താനുള്ള പോരാട്ടമാണ് സുന്നികളുടേത്.

മര്‍കസ് സമ്മേളനത്തിന് മുന്നോടിയായി അതിന്റെ സാരഥികളിലൊരാളായ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുമായി രിസാല വാരിക ഒരു അഭിമുഖം നടത്തിയിട്ടുണ്ട് (ജനുവരി 14, 2011). പുതിയ കാലത്ത് മര്‍കസ് നിര്‍വഹിക്കുന്ന/നിര്‍വഹിക്കേണ്ട ദൌത്യം, മുന്നോട്ട് പോക്കില്‍ സ്വീകരിക്കേണ്ട രീതി, മുസ്ലിം സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ഭാവി സാധ്യതകളും പരിമിതികളും ഇങ്ങനെ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. കേരളം എന്നതിനപ്പുറം ഇന്ത്യ എന്ന വിശാലമായ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞുറച്ചുപോയ കാര്യങ്ങള്‍ക്ക് പുറത്ത് കടന്ന് ധിഷണയുടെ തെളിച്ചം ആ സംസാരത്തില്‍ കാണാം. മര്‍കസ് വെറുമൊരു കോണ്‍ക്രീറ്റ് കൂടല്ലെന്നും സ്വപ്നങ്ങള്‍ പേറുന്ന ഒരു പ്രസ്ഥാനമാണെന്നുമാണ് അദ്ദേഹം നമ്മോട് പറയുന്നത്. ഇപ്പറയുന്ന കാര്യങ്ങളൊക്കെ മര്‍കസ് അല്ലെങ്കില്‍ എ.പി സുന്നികള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചേക്കാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യത്യസ്തമായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുവെന്നത് തന്നെ പ്രധാനമാണ്. മലബാറില്‍ നിന്ന് മലബാറിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, ഇന്നില്‍ നിന്ന് ഇന്നലെകളെക്കുറിച്ച് മാത്രം വാതോരാതെ സംസാരിക്കുന്ന മതസംഘടനകള്‍ക്കിടയില്‍ നിന്ന് വിശാലമായ ഇന്ത്യന്‍ മുസ്ലിം മണ്ഡലത്തെക്കുറിച്ച് സംസാരിക്കുന്നത്, നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് പ്രധാനം തന്നെയാണ്. അങ്ങനെയൊരു വ്യത്യസ്തമായ പ്രാധാന്യത്തിലേക്ക് കേരളത്തിലെ സുന്നി പ്രസ്ഥാനത്തെ എടുത്തുയര്‍ത്തിവെക്കാന്‍ സാധിച്ചുവെന്നതാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസക്തി. മര്‍കസ് സമ്മേളനത്തിന്റെ സമാപന സെഷനില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം തീര്‍ച്ചയായും ശ്രദ്ധേയമായിരുന്നു. സമകാലിക യാഥാര്‍ഥ്യങ്ങളെയും ആനുകാലിക സംഭവങ്ങളെയും വിശകലനം ചെയ്യുന്നതും നിലപാടുകള്‍ പറയുന്നതുമായിരുന്നു ആ പ്രഭാഷണം. ‘യഥാസ്ഥിതിക’ മതസംഘടനയെന്ന ലേബലുള്ള ഒരു പ്രസ്ഥാനത്തില്‍ നിന്ന് പൊതുവെ പ്രതീക്ഷിക്കാത്തതാണ് കാന്തപുരത്തിന്റെ പല ഇടപെടലുകളും. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലെ പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗമാവട്ടെ കൂടുതല്‍ സര്‍ഗാത്മകമായി കാര്യങ്ങളെ കാണാനുള്ള ശേഷി നേടിയെടുത്തിട്ടുണ്ട്. നവോത്ഥാന, പുരോഗമന പ്രസ്ഥാനത്തിന്റെ ഏറ്റവും പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗം പോലും പഴയ പ്രമാണങ്ങളും പ്രമേയങ്ങളും ആവര്‍ത്തിച്ചുരുവിട്ടു കൊണ്ടിരിക്കുമ്പോഴാണ് ‘പിന്തിരിപ്പന്‍ യാഥാസ്ഥിതികര്‍’ ഇങ്ങനെ വ്യത്യസ്തമായ വഴിവെട്ടുന്നത്.

കേരള മുസ്ലിം സമൂഹത്തില്‍ കാന്തപുരത്തിന്റെ സ്ഥാനവും പ്രസക്തിയുമെന്താണ്, മുസ്ലിം സമൂഹത്തിലെ ശ്രദ്ധേയനായൊരു ജൈവിക നേതാവായി അദ്ദേഹം വളര്‍ന്നുവന്നതിന്റെ രസതന്ത്രം എന്താണ്, നവോത്ഥാന പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് കേവലമായ ഒരു മത യാഥാസ്ഥിതിക കക്ഷി എന്ന നിലയിലേക്ക് മുജാഹിദ് പ്രസ്ഥാത്തിന്റെ പരിണാമം എങ്ങനെയാണ് എന്നിത്യാദി കാര്യങ്ങള്‍ വിശദമായ സാമൂഹിക ശാസ്ത്ര വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്.”

 

നല്ല നിരീക്ഷണം പക്ഷെ തിരുത്ത പ്പെടേണ്ട ഒരു ധാരണയുടെ തന്തു ഇതില്‍ ഒളിഞ്ഞു കിടപ്പുണ്ട് .സുന്നികള്‍ യഥാസ്ഥിതികത്വമായിരുന്നു ഇത് വരെ പിന്തുടര്‍ന്ന് വരുന്നെതെന്നും കാന്തപുരത്തിന് മാത്രം കഴിഞ്ഞൊരു പുതിയ നവോത്ഥാനമനതെന്നും അവസാന ഭാകത്തു തെറ്റ് ധരിപ്പിക്ക്ന്നു. യഥാര്‍ത്ഥത്തില്‍ സുന്നികള്‍ എന്നും നവോത്ഥാനത്തിന്റെ വക്താക്കളായിരുന്നു. ജമാഅത് കാരന്‍ അത് മനസ്സിലാക്കാന്‍ വൈകി പ്പോയി എന്നതാണ് നേര് . ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഒരു രീതിയിലും മാറ്റം വരാതെ സൂക്ഷിച്ചു , നവോത്ഥാനങ്ങള്‍ക്കും അടിയന്തിര പരിഷ്കരണ പ്രവര്‍ത്തന ങ്ങള്‍ക്കും ചുക്കാന്‍  പിടിച്ച വളരെ നീണ്ട പാരമ്പര്യം തന്നെയാണ് കന്തപുരത്തിനും അവകാശപ്പെടാനുള്ളത് . സാകത്തു വിലങ്ങിയപ്പ്പോള്‍ മുസ്ലിമീന്കളോട് തന്നെ യുദ്ധം ചെയ്ത സിദ്ധീഖ്‌ റദ് യലലാഹു അന്ഹു കാണിച്ചു തന്നതാണിത് . വികേന്ദ്രീകരിച്ചു നിര്‍വഹിച്ച്ചിരുന്ന തറാവീഹ് ഒരറ്റ ഇമാമിന് കീഴില്‍ ഇരുപതു റക്അതായി പരിഷ്കരിപ്പിച്ച ഉമര്‍ റ കാണിച്ചതാണ്  ആ നവോത്ഥാനം. ഖുര്‍’ആന്‍ തെറ്റ് ധരിപ്പിക്കപ്പെടുമോ എന്ന് ഭയന്നപ്പോള്‍ രസ്മുല്‍ ഉത്മാനീ അവലംബമാക്കി ബാക്കി മുഴുവനും കത്തിച്ചു കളയാന്‍ ഉത്തരവിട്ട ഉസ്മാന്‍ രളിയല്ലാഹു നിര്‍വഹിച്ച പരിഷ്കാരം , വിശ്വാസകാര്യങ്ങളില്‍ ബിദ്അത് കടന്നു വരുന്നത് ഭയപ്പെട്ടപ്പോള്‍ അഹ്ലുസുന്ന യുടെ പണ്ഡിതന്മാര്‍ അഷ്അരി ത്വരീഖത്തിനും മതുരീദി ത്വരീഖതിനും രൂപം കൊടുത്തു, കര്‍മ്മ കാര്യങ്ങളിലെ വൈപുല്യവും അതിന്റെ വിധി വിലക്കുകളെ മനസ്സിലാക്കാന്‍ പാട് പെടുന്ന വലിയ സമൂഹത്തെ മുന്നില്‍ കണ്ടു കര്‍മ്മ ശാസ്ത്രത്തിനു അടിസ്ഥാന നിയമങ്ങള്‍ ക്രോടികരിച്ചു , സാധ്യമായ സര്‍വ വിജ്ഞാന പരിസരവും ഉപയോഗപ്പെടുത്തി മദഹബുകലുണ്ടാക്കി , ക്രോഡീകരണം സമഗ്രമായത് മാത്രം പരിഗണിച്ച പ്പോള്‍ നാലാലൊരു മദ്ഹബേ സ്വീകരിക്കാന്‍ പടള്ളൂ എന്ന് പണ്ഡിതന്മാരുടെ ഏകാഭിപ്രായ മുണ്ടായി , ഖുര്‍ആന്‍ പഠിക്കാന്‍ അറബി ഭാഷാ പഠനത്തിന് പ്രാധാന്യം നലികിയപ്പോള്‍ ജാഹിലിയ്യാ കാലഘട്ടത്തില്‍ എഴുതെപ്പെട്ട അശ്ലീല സാഹിത്യം പോലും പള്ളിദര്സുകളില്‍ പഠന പര്യവേഷണങ്ങള്‍ക്ക് വിധേയമാക്കി , തിരുനബി ചര്യകളും തിരുനബി  സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാകമായി വലിയ മൌലിദ് സദസ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി , യൂറോപ്യന്‍ അധിനിവേശ ശക്തികള്‍  അതിക്രമിച്ചു കയറി ജനത്തിന്റെ സ്വാതന്ത്ര്യം ഹനിച്ച്ചപ്പോള്‍ അവര്‍ക്കെതിരെ ജിഹാദിന് ആഹ്വാനമിട്ടു, അവര്‍ക്കെതിരെ പടപ്പട്ടും തുഹ്ഫതുല്‍ മുജാഹിദീന്‍ പോലോത്ത പുസ്തകങ്ങളും എഴുതി , അക്ഷരം പിറക്കാത്ത കാലത്ത് അറബി ഭാഷയോട് ചുവടു വെച്ച്ചു അറബി മലയാളം ലിപിയില്‍ സര്‍വ ആണ് പെണ്ണിനും അഖരഭ്യാസം ഈ പണ്ഡിത കേസരികള്‍ തന്നെ നല്‍കി ,ഇരുപതാം നൂടണ്ടിന്റെ അന്ത്യപാദങ്ങളില്‍ ബ്രിട്ടീഷ്‌ കാരന്‍ തന്ന അച്ചാരം പറ്റി വഹാബിസം അതിന്റെ നശീകരണ താണ്ഡവമാടി കേരളത്തിലെത്തിയപ്പോള്‍ അതിനെ ചെറുക്കാന്‍ സമസ്ത രൂപീകരിച്ചു, ചില ചര്ത്ര നേട്ടങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചപ്പോള്‍ അനിവാര്യമായി വന്നു ഭവിച്ച വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള ഉള്വലിവ് മുതലാക്കി മുസ്ലിം നവോത്ഥാന പ്രസ്ഥാനം എന്ന പേരില്‍ ബിദ്അതുകാര്‍ സുന്നിസമൂഹത്തെ  മുഴുവന്‍ കാഫിര്‍ , മുശ്രിക്ക്‌ പദവികളിലേക്ക് തരം താഴ്ത്തി അതിന്റെ പണ്ഡിതന്മാരെ മുഴുവനും യാഥാസ്ഥിതിക പിന്തരിപ്പിന്‍ പക്ഷത്ത് നില്‍ക്കുന്നവരെന്നു പ്രചാരണ വേല ഏറ്റെടുത്തു മുതെലെടുപ്പ് നടത്തിയപ്പോള്‍ ,അതിനു രാഷ്ട്രീയ സാഹചര്യങ്ങളെ അനുകൂലമാക്ക്കി എടുത്തു സുന്നികളെ ഭിന്നിപ്പിക്കമെന്ന ബ്രിടീഷ്‌ തന്ത്രം പരീക്ഷിച്ചപ്പോള്‍ അതിനെ ചെറുക്കാനും ഇസ്ലാമിന്റെ പേരില്‍ ഇറങ്ങുന്ന സര്‍വ കള്ള നാണയങ്ങളെ തുറന്നു കാട്ടാനാണ് കാന്തപുരം ഇറങ്ങി തിരിച്ചത് , ചുരുക്കത്തില്‍ ഇത് ഒരു ചരിത്ര പരമ്പരയുടെ ഭാകം മാത്രമാണ് , അനിവാര്യ ഘട്ടങ്ങളിലെല്ലാം അതത് കല ഘട്ടങ്ങളില്‍ അതിന്റെ പണ്ഡിതന്മാര്‍ യഥാര്ത്യ ബോധത്തോടെ വേണ്ടുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് . അതിന്റെ തുടര്‍ച്ച എന്നോണം മാത്രമാണ് കാന്തപുരവും അനുയായികളും ചെയ്യുന്നത് . ആ യഥാര്ത്യ ബോധമില്ലാതെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇറങ്ങി പ്പുറപ്പെട്ടപ്പോഴാണ് ഇവിടെ അനവധി വഴിതെറ്റിയ അവാന്തര വിഭാകങ്ങളുണ്ടായത്, അതിന്റെ ഭാകമാണ് വ ബിസവും’ ഇഖ് വനിസവുമൊക്കെ . സമൂഹത്തില്‍ ക്ര്യത്മക ഇടപെടലുകള്‍ നടത്തുന്നതിന് പകരം ശിര്‍ക്കും കുഫ്റും ആരോപിച്ചു പരസ്പരം കടിച്ചു കീറുന്ന ഒരു സമൂഹ മാക്കി മാറ്റാന്‍ വേണ്ടിയുള്ള കുത്സിത  ശ്രമങ്ങളാണ്‌  അവര്‍ ഇക്കാലമെത്രയും നടത്തിയത്. അതെക്കെ ഈ സമൂഹത്തിന്റെ ഉന്നമനത്തെ കുറച്ചൊന്നുമല്ല പുറകോട്ടു വലിച്ചെതെന്നു ഇനിയെങ്കിലും സീ ദാവൂദിനെ പ്പോലോത്തവര്‍ ചിന്തിച്ചാല്‍ നന്നായിരുന്നു. ഇത്രയെങ്കിലും ഉയര്‍ന്നു ചിന്തിക്കാന്‍ ഇപ്പോഴെങ്കിലും ജമാഅത്ത് കാര്‍ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
Gallery | This entry was posted in Uncategorized. Bookmark the permalink.

One Response to രണ്ട് സമ്മേളനങ്ങളും സീ ദാവൂദിന്‍റെ നിരീക്ഷണവും

  1. Sayed jahfar thangal says:

    very good keep it up

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s