[flash=]
പുണ്യമദീനയുടെ രണ്ടാം ദുഖഃദിനം
പുണ്യമദീനഃ… മൂകമായ അന്തരീക്ഷം… എങ്ങും മ്ലാനത പടര്‍ന്ന് കിടക്കുന്നു… സാധാരണ ഇങ്ങനെയായിരുന്നില്ലല്ലോ… എന്നും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളായിരുന്നു ഇവിടെ കാണാന്‍ കഴിഞ്ഞിരുന്നത്… പക്ഷെ ഇപ്പോ എന്തു പറ്റി… ജനങ്ങളെല്ലാം ദുഖഃഭാരത്തോടും വിളറിയ മുഖത്തോടും നടക്കുന്നു… കാരണം മറ്റൊന്നുമല്ല… ലോകത്തിനാകെയും അനുഗ്രഹമായ… കാരുണ്യമായ പുണ്യനബി അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്… അതാണ് മദീനയുടെ വ്യാകുലതയുടെ കാരണം…
സയ്യിദുനാ ബിലാല്‍(റ)… കറുത്തമുത്ത്… ഉമയ്യത് ബ്നു ഖലഫിന്റെ ക്രൂരമായ ശിക്ഷകളെ കടിച്ചുപിടിച്ചു തൗഹീദിന്റെ മന്ത്രോദ്ധരണികള് മുറകെപ്പിടിച്ച മഹാത്മാവ്… കരുണയെന്തെന്നറിയാത്ത ഒരു സമൂഹത്തിലെ വിലയില്ലാത്ത പാവം അടിമകളുടെ ജീവിക്കുന്ന രക്തസാക്ഷി… അവസാനം സയ്യിദുനാ(റ) അബൂബകര്‍(റ) മോചനം നല്കിയ പാവം മനുഷ്യന്… സ്വാതന്ത്ര്യത്തിന്റെ മധുരമറിഞ്ഞത് അന്ന് മുതലായിരുന്നു… എല്ലാരും ആട്ടിയകറ്റിയപ്പോഴും കെട്ടിപ്പിടിക്കാറുള്ള മുത്തുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ… അവിടുത്തെ സ്നേഹം മാതാപിതാക്കളുടെ സ്നേഹത്തെക്കാള്‍ മഹത്വമേറിയതായിരുന്നു… മക്കാവിജയം നേടിയെടുത്തപ്പോള്‍ പരിശുദ്ധഭവനത്തിന്റെ താക്കോല്‍ സൂക്ഷിക്കാനുള്ള അധികാരത്തിനായി ഓരോരുത്തരും മോഹിച്ചപ്പോഴും എല്ലാരും നികൃഷ്ടരായി കണ്ടിരുന്ന കറുത്തവനായ തനിക്കല്ലേ അവിടുന്ന് ആ പവിത്രമായ താക്കോല്‍ നല്‍കിയത്… അന്ന് മുതല്‍ ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമായി താന്‍ അറിയപ്പെട്ടു… യശസ്സ് തനിക്കും കൈവന്നിരിക്കുന്നു…. ഇത്രത്തോളം സ്നേഹം കാട്ടിയ ആ പുണ്യനബി ഇന്ന് തന്നെ വിട്ട് യാത്ര പിരിഞ്ഞിരിക്കുന്നു… അവിടുത്തെ ഓര്‍മ്മകള്‍ മാത്രം ബാക്കി… ആ സുന്ദരശബ്ദം ഇനി കേള്‍ക്കില്ല… ആ മധുരപുഞ്ചിരി ഇനി കാണില്ല…
സയ്യിദുനാ ബിലാല്‍(റ) തേങ്ങുകയാണ്… മഹാത്മാവിന് സങ്കടം സഹിക്കാനാകുന്നില്ല… പുണ്യനബി യാത്രയായതിന് ശേഷം ആ മഹാനുഭാവന്റെ തൊണ്ടയില്‍ നിന്ന് ബാങ്കിന്റെ മന്ത്രധ്വനികള്‍ പിന്നെ ഉയര്‍ന്നില്ല… മദീനയിലെ ഓരോ മണല്‍ത്തരിയും തന്റെ ഹബീബിനെ ഓര്‍മ്മപ്പെടുത്തുന്നു… ഓരോ ഇളംകാറ്റും ആ സുന്ദരസ്മരണകള് ഉണര്‍ത്തുന്നു… എല്ലാ വസ്തുക്കളും അവിടുത്തെയാണ് അറിയിക്കുന്നത്… കരഞ്ഞ് കരഞ്ഞ് മഹാനായ ബിലാല്‍(റ) തളര്‍ന്നു… ഇല്ല… ഇനി തനിക്ക് പിടിച്ച് നില്‍ക്കാനാകില്ല… ആ പുണ്യനബിയില്ലാത്ത മദീനയെ തനിക്ക് ചിന്തിക്കാനാകില്ല… അവിടെ താമസിക്കാനുമാകില്ല… അങ്ങനെ മഹാനവര്കള് മദീനയോട് യാത്ര പറയാന്‍ തന്നെ തീരുമാനിച്ചു… തന്റെ സുഹൃത്തുക്കളായ മഹാന്മാരായ സ്വഹാബിവര്യന്മാരോട് യാത്ര പറഞ്ഞ് സയ്യിദുനാ ബിലാല്‍(റ) മദീന വിട്ടു. അവസാനം ഒരിക്കല്‍ കൂടി ഒന്ന് തിരിഞ്ഞ് നോക്കാന്‍ ആ പുണ്യാത്മാവ് മറന്നില്ല… പക്ഷെ സഹിക്കാനാകാത്ത കരച്ചിലായിരുന്നു അത് മൂലമുണ്ടായിത്തീര്ന്നത്… തന്റെ ഓരോ ചവിട്ടടിയും മദീനയെ മഹാനവര്‍കളില്‍ നിന്നകറ്റുകയാണ്… പുണ്യനബിയുടെ ഓര്‍മ്മകളും പേറി സയ്യിദുനാ ബിലാല്‍(റ) അങ്ങനെ മദീനയെ വിട്ട് പിരിഞ്ഞു…
സിറയയിലെ ദിമഷ്ഖിലേക്കായിരുന്നും മഹാനവര്കള് ചെന്നെത്തിയത്. തിരുനബിയുടെ അടങ്ങാത്ത ഓര്‍മ്മകളുമായി അവിടെത്തന്നെ ശേഷിച്ചകാലം കഴിച്ചുക്കൂട്ടാന്‍ തീരുമാനിച്ചു കൊണ്ട് ഒരു വിവാഹവും കഴിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം മഹാത്മാവിന്റെ പുണ്യവതിയായ സഹധര്‍മ്മിണി കാണുന്നത് ഉറക്കമെണീറ്റിരുന്ന് സയ്യിദുനാ ബിലാല്‍(റ) പൊട്ടിപ്പൊട്ടി കരയുന്നതാണ്. മഹതി കാരണമന്വേഷിച്ചു. ബിലാല്‍(റ) കരച്ചിലടക്കാനാകാതെ മറുപടി നല്കി. ഇന്നലെ രാത്രി തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം എന്റെ സമീപത്തേക്ക് സ്വപ്നത്തില്‍ വന്നിരുന്നു. എന്നിട്ട് എന്നോട് പിണക്കമാണോ… നിനക്ക് എന്നെ കാണണ്ടേ…. എന്നൊക്കെ ചോദിച്ചു… ഇത്രയും പറഞ്ഞു സയ്യിദുനാ(റ) അലമുറയിട്ടു.
സയ്യിദുനാ ബിലാല്‍(റ) കൂടുതല്‍ താമസിച്ചില്ല… പുണ്യനഗരിയിലേക്ക് ഉടന്‍ തന്നെ പുറപ്പെട്ടു… മദീനയിലെത്തിയപ്പോ തന്നെ മഹാനവര്‍കളുടെ പഴയ അവസ്ഥ കൈവന്നു. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഹബീബായ മുത്തുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ഓര്‍പ്പിക്കാന്‍ തുടങ്ങി. അവിടുന്ന് പാവനമായ റൌള ശരീഫിന്റെ ചാരത്തിരുന്ന് കൊച്ച് കൂട്ടികളെ പോലെ പൊട്ടിക്കരയാന്‍ തുടങ്ങി. സയ്യിദുനാ ബിലാല്‍(റ)വിന്റെ മടങ്ങിവരവ് അറിഞ്ഞ് സന്തോഷഭരിതനായ പുണ്യനബിയുടെ ഖലീഫഃ അബൂബകര്‍ സിദ്ദീഖ്(റ) മഹാനവര്‍കളുടെ അടുക്കലെത്തി. എന്നിട്ട് പറഞ്ഞു. ബിലാലെന്നവരെ… നിങ്ങള്‍ക്കൊന്ന് ബാങ്ക് കൊടുക്കാമോ… തിരുനബിയുടെ കാലത്ത് നിങ്ങള്‍ കൊടുത്തിരുന്ന ബാങ്ക് ഞങ്ങളെ വല്ലാതെ സന്തോഷിപ്പിക്കും. അവിടുത്തെ ഓര്‍മ്മകളെ കൂടുതല്‍ ഉണര്‍ത്തും. ഒന്ന് ബാങ്ക് കൊടുക്കാമോ… അപ്പോഴാണ് സയ്യിദുനാ ബിലാല്‍(റ) ഒരു കാര്യം ചിന്തിച്ചത്. അതെ… പുണ്യനബി യാത്രയായതിന് ശേഷം മദീനക്കാരാരും തന്റെ ഖണ്ഡത്തില്‍ നിന്ന് പുറപ്പെടുന്ന ബാങ്കിന്റെ ശബ്ദം കേട്ടിട്ടില്ല… തനിക്ക് അതിന് സാധിച്ചിട്ടുമില്ല… ഇപ്പോഴിതാ എന്റെ ഹബീബായ തിരുനബിയുടെ സന്തതസഹചാരിയും സ്നേഹപാത്രവുമായ സിദ്ദീഖ്(റ) ഇതാ അത് കേള്‍ക്കാനാഗ്രഹിക്കുന്നു. പക്ഷെ… എനിക്ക് അതിന് സാധിക്കില്ല… ആ ഓര്‍മ്മകള്‍ എന്നെ തളര്‍ത്തുകയാണ്… സയ്യിദുനാ ബിലാല്‍(റ) തേങ്ങക്കൊണ്ട് പറഞ്ഞു. അമീറുല്‍ മുഅ്മിനീന്‍ എന്നോട് ക്ഷമിക്കൂ… എനിക്കതിന് സാധിക്കില്ല… ഇത് കേട്ട് സിദ്ദീഖ്(റ)വിനും സങ്കടം അടക്കാനായില്ല… മഹാനവര്‍കള്‍ക്ക് ബിലാല്‍(റ) മനോഗതം അറിയാമായിരുന്നു. അവരും കരയാന്‍ തുടങ്ങി. അപ്പോഴതാ സയ്യിദുനാ ഉമര്‍(റ) ഓടിക്കൊണ്ട് വരുന്നു… ഇസ്ലാമിന്റെ പുലിയാണ് ആ മഹാത്മാവ്… ആരെയും കൂസാത്ത പ്രകൃതം… ഇസ്ലാമിന്റെ സന്ദേശം സകലദിക്കുകളിലുമെത്തിച്ച പുണ്യകേസരി…. മഹാനവര്കള് സയ്യിദുനാ ബിലാല്‍(റ)വിന്റെ ആഗമനമറിഞ്ഞ് ഓടി വരുകയാണ്… എല്ലാവരും ആകാംക്ഷയോടെ അത് നോക്കി… എന്തിനാണ് ഇത്രയും വേഗത്തില്‍ സയ്യിദുനാ ഉമര്‍(റ) ഓടിവരുന്നത്. മുമ്പൊന്നും അവിടുന്ന് ഇങ്ങനെ ചെയ്യുന്നത് കാണാറില്ലല്ലോ… സയ്യിദുനാ ഉമര്‍(റ) നിലവിളിക്കുകയാണ്. എവിടെ ബിലാല്‍… എവിടെ ബിലാല്‍… എല്ലാവരും മാറിക്കൊടുത്തു… മഹാനുഭാവന് ഓടിവന്ന് ബിലാല്‍(റ)വിനെ കെട്ടിപ്പിടിച്ച് കൊണ്ട് കരഞ്ഞ് കൊണ്ട് യാചിച്ചു. ബിലാല്‍ നിങ്ങളൊന്ന് ബാങ്ക് കൊടുക്കുമോ… മുത്തുനബിയെ എനിക്കൊന്ന് ഓര്‍ക്കാനാണ്… ആ പഴയ ദിനങ്ങളിലേക്ക് ഒന്ന് കടന്ന് ചെല്ലാന്‍ നിങ്ങള്‍ സഹായിക്കില്ലേ… അവിടെ നിന്ന ഒരാള്‍ക്കും ഈ രംഗം കണ്ട് നില്ക്കാന് സാധിച്ചില്ല… എല്ലാരും ഒന്നിച്ച് തേങ്ങാന്‍ തുടങ്ങി… ധീരശൂര പരാക്രമിയായ സയ്യിദുനാ ഉമര്‍(റ)വിന്റെ അവസ്ഥ എല്ലാരെയും കൂടുതല്‍ ദുഖിപ്പിച്ചു. ഒരു ബാലനെപ്പോലെ അലമുറയിടുന്ന ഉമര്‍(റ)വിനോട് ഒരു വിധത്തില്‍ ബിലാല്‍(റ) തന്റെ നിസ്സഹായത വിവരിച്ചു.
പലരും ബിലാല്‍(റ)വിനെക്കാണാന്‍ വരുകയാണ്. പെട്ടന്ന് ജനക്കൂട്ടം ഇരവശത്തേക്കും മാറാന്‍ തുടങ്ങി. അതാ പുന്നാരപ്പൂമേനിയുടെ രണ്ട് പേരക്കിടാങ്ങള്‍ കടന്ന് വരുന്നു. മറ്റാരുമല്ല സയ്യിദുനാ ഹസന്(റ)വും സയ്യിദുനാ ഹുസൈന്(റ)വും. അവരെക്കണ്ടപ്പോ തന്നെ ബിലാല്‍(റ) നിലവിളിക്കാന്‍ തുടങ്ങി. അവരുമെത്തിയത് മറ്റൊന്നിനുമായിരുന്നില്ല. ബിലാല്‍(റ)വിന്റെ ബാങ്ക് കേള്‍ക്കാനായിരുന്നു. ആ പുണ്യശരീരങ്ങളുടെ ആഗ്രഹം കേട്ട് സഹിക്കാനാകാതെ ബിലാല്‍(റ) അവരെ കെട്ടിപ്പിടിച്ച് തേങ്ങി. ആ ബാലന്മാരുടെ ശരീരത്തില്‍ നിന്നും തിരുനബിയുടെ കസ്തൂരിയുടെ വാസന ബിലാല്‍(റ)വിന് അനുഭവപ്പെട്ടു. അവരുടെ ആഗ്രഹം തിരുനബിയുടെ ആഗ്രഹമായാണ് ബിലാല്‍(റ)വിന് തോന്നിയത്. അത് കൊണ്ട് തന്നെ അതിനെ നിരസിക്കാന്‍ മഹാത്മാവിന് ആയില്ല.
സയ്യിദുനാ ബിലാല്‍(റ) മദീനപ്പള്ളിയിലെ ബാങ്ക് കൊടുക്കാറുള്ള ഉയര്‍ന്ന സ്ഥലത്തേക്ക് കയറി. പുണ്യനബിയുടെ കാലശേഷം ആദ്യമായാണ് താനിതിലേക്ക് കയറുന്നത്. അടക്കാന്‍ വയ്യാത്ത കദനഭാരത്തോടെ മഹാനവര്കള് ശബ്ദമുയര്‍ത്തി. അല്ലാഹു അക്ബര്‍… അല്ലാഹു അക്ബര്‍… മദീനയാകെ ഒരു നിമിഷം നടുങ്ങി… സ്ഥബ്ധമായി… വീണ്ടും അല്ലാഹു അക്ബര്‍… അല്ലാഹു അക്ബര്‍… ഇത് കേട്ടതും പുരുഷന്മാരും സ്ത്രീകളും വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി… അഷ്ഹദു അന് ലാഇലാഹ ഇല്ലല്ലാഹ്… മഹാനായ ബിലാല്‍(റ)വിന്റെ മധുരശബ്ദം മദീനയെ ആകെ ഇളകി മറിച്ചു. പ്രവാചകപുംഗവരുടെ കാലത്തേക്ക് പെട്ടെന്ന് മടങ്ങിയെത്തി. എല്ലാരു പുണ്യനബി വഫാതായത് മറന്ന് പോയി… ഓരോരുത്തരും ആര്‍ത്തട്ടഹസിച്ചു… റസൂലുല്ലാഹ് തിരിച്ചു വന്നേ.. തിരിച്ചു വന്നേ… അവിടുന്ന് മടങ്ങി വന്നേ… അവിടുന്ന് മടങ്ങി വന്നേ… എന്ന് നിലവിളിച്ച് പള്ളിയിലേക്കോടി…. സ്ത്രീകളും കുട്ടികളും വയസ്സന്മാരും എല്ലാവരും പള്ളിയിലേക്കോടുകയാണ്… എവിടെയും ആഹ്ലാദം തിരതല്ലുന്നു… ആകെ ബഹളം… സയ്യിദുനാ ബിലാല്‍ അടുത്ത വചനത്തിലേക്ക് എത്തി… അശ്ഹദു അന്ന മുഹമ്മദന്‍… അവിടെയെത്തിയപ്പോ സയ്യിദുനാ ബിലാല്‍(റ)വിന്റെ തൊണ്ട വരണ്ടു.. ശബ്ദം പുറത്തുവരുന്നില്ല.. മഹാനവര്‍കള്‍ക്ക് ബാങ്ക് പൂര്‍ത്തിയാക്കാനായില്ല… ബോധം കെട്ട് അവിടെ നിലത്ത് വീണു…
ഈ ചരിത്രം ഉദ്ധരിച്ച മഹാത്മാവ് പറയുന്നു… തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ വഫാതിന് ശേഷം ഇത്രയേറെ സങ്കടം ഉണ്ടായ ദിനം മദീനനിവാസികള്ക്ക് വേറെ ഉണ്ടായിരുന്നില്ല.. നോക്കൂ… നമ്മുടെ പൂര്‍വ്വീകരുടെ പ്രവാചകസ്നേഹം… നമുക്ക് എന്താണുള്ളത്… സയ്യിദീ അല്‍ ഹബീബ് അലി ജിഫ്റി(റ) ഈ ചരിത്രം പറയുമ്പോ കണ്ണുകളില്‍ നിന്ന് പൊടിഞ്ഞ ഒരിറ്റ് കണ്ണുനീര് മാത്രമാണ് ഈ ലേഖകന്റെ പ്രവാചകസ്നേഹത്തിലേക്ക് ചേര്‍ക്കാനുള്ളത് മറ്റൊന്നുമില്ല…. അല്ലാഹ്… ഞങ്ങളെ മുത്തുനബിയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണേ…ഉറക്കത്തിലും ഉണര്ച്ചയിലും അവിടുത്തെ ദര്‍ശിക്കാന്‍ ഞങ്ങള്‍ക്കും ഭാഗ്യം നല്‍കണേ… ആമീന്‍
സ്നേഹാശംസകളോടെ
സഹോദരന്